ക്വെറ്റ: പാകിസ്ഥാനില്‍ തുറമുഖത്തിന് സമീപം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു നേരെ ഗ്രനേഡ് ആക്രമണം. ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിന് സമീപമാണ് ആക്രമണം നടന്നത്. 26 തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത് തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ്. തൊഴിലാളികള്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ ആക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇമാം ഭക്ഷ് വ്യക്തമാക്കി.
ഇത് ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മേഖലയാണ്. സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായകമാവുന്ന ഗ്വാദാര്‍ തുറമുഖത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പടിഞ്ഞാറന്‍ ചൈനയെ മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖല കൂടിയാണ് ഗ്വാദാര്‍ തുറമുഖം.
Post Your Comments