തിരുവനന്തപുരം : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ സ്ത്രീകളെ ഉപഭോഗവസ്തുവായാണ് കണ്ടിരുന്നതെന്നും, ഒറ്റക്കാവുന്ന സ്ത്രീകളെ ജനപ്രതിനിധികള്‍ എന്ന നിലയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ഇത്തരക്കാരെ പുറം ലോകത്തിന് കാണിച്ചുകൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു .ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് സരിത പരാതി നല്‍കിയത്.
മുന്‍ അന്വേഷണ സംഘത്തിന്‍റെ നടപടികള്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. 2013 മുതല്‍ 2016 വരെ താന്‍ കൊടുത്ത പരാതികള്‍ അന്വേഷിച്ചിട്ടില്ല. ഇതും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സരിത മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
സോളാര്‍ കേസില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതികളായിരുന്നു. എന്നാല്‍ താന്‍ മാത്രം ബലിയാടാവുന്ന സാഹചര്യമാണ് ഉണ്ടായതെന്നും സരിത പരാതിയില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയും തമ്പാനൂര്‍ രവിയും പറഞ്ഞതനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ താന്‍ ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞത്.
ഉമ്മന്‍ചാണ്ടി എന്‍റെ നിസഹായവസ്ഥയില്‍ എന്റ് കമ്പനിയുടെ പ്രശ്നങ്ങളുടെ മറവില്‍ എന്നെ ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫ് നേതാക്കന്‍മാരില്‍ വലിയൊരാളാണ്. എനിക്ക് പരാതി പറയാനുള്ള പദവിയിലിരിക്കുന്ന ആള്‍ തന്നെ ചൂഷണം ചെയ്‌തെന്ന് സരിത കത്തില്‍ പറയുന്നു.
ഉദ്യോഗസ്ഥരും നേതാക്കളും പ്രതികളാകുമെന്ന് കണ്ട് മുന്‍സര്‍ക്കാരിന്‍റെ കാലത്ത് കേസ് അട്ടിമറിച്ചു. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി അന്വേഷണ സംഘം ശ്രമിച്ചു. പീഡിപ്പിച്ചവരുടെ പേരുകളും പുതിയ കത്തില്‍ സരിത ആവര്‍ത്തിച്ചിട്ടുണ്ട്. നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണം അടക്കം സരിത ജൂഡീഷ്യല്‍ കമ്മീഷനില്‍ കൊടുത്ത മൊഴിയും തെളിവുകളും വീണ്ടും പരാതിയില്‍ ആവര്‍ത്തിച്ചു. സരിത നല്‍കിയ കത്ത് മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയിരിക്കുകയാണ്.
Post Your Comments