KeralaLatest NewsNews

വികസന സംവാദം നടത്താൻ ആദ്യം അക്രമം അവസാനിപ്പിക്കണം: മുഖ്യമന്ത്രിയോട് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: വികസന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ സംവാദത്തിന് തയ്യാറാവുകയാണെങ്കില്‍ അതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികസനത്തിനും വികസന സംവാദത്തിനും അനിവാര്യവും അത്യന്താപേക്ഷിതവുമായ ആദ്യ നടപടി അക്രമത്തിന്റെയും, സംഘര്‍ഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുക എന്നതാണ്. വിവാദങ്ങളില്‍ മാത്രം നിര്‍ഭാഗ്യവശാല്‍ ഒതുങ്ങി നില്‍ക്കുന്ന ഇന്നത്തെ കേരളത്തിലെ അന്തരീക്ഷത്തില്‍ ആത്മാര്‍ത്ഥവും ആരോഗ്യകരവുമായ സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നതെങ്കില്‍ സ്വാഗതാര്‍ഹമാണ് അദ്ദേഹത്തിന്റെ നിലപാടാണെന്നും കുമ്മനം ഫെയ്സ്ബുക്കില്‍ കുറിച്ചു.

വികസനത്തെക്കുറിച്ച്‌ വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമുള്ളതാവണം സംവാദം. കേരളത്തില്‍ മാത്രമല്ല, രാഷ്ട്രമൊട്ടാകെത്തന്നെ ഒരു വികസന സംവാദത്തിന് സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് ബി.ജെ.പിയുടെ വിശ്വാസം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടേയും കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വികസന കാഴ്ചപ്പാടുകള്‍ വ്യത്യസ്ഥമെങ്കിലും, ആരോഗ്യകരമായ ആശയവിനിമയം തെറ്റല്ല. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ കക്ഷിയില്‍ നിന്നും എത്രമാത്രം സഹകരണം ഉണ്ടാവും എന്നതാണ് കാതലായ ചോദ്യം. ആ ദിശയില്‍ ക്രിയാത്മക നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇത് വെറും വാചാടോപമായി മാത്രം അധ:പതിക്കുമെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button