ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെടിവച്ച് കൊന്നു. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ( എസ്.പി.ഒ) ഹലീം ഗുജാര്‍ ആണ് കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ വെടിയേറ്റ ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട തീവ്രവാദികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഷോപ്പിയാനില്‍ തീവ്രവാദികള്‍ ഗ്രാമമുഖ്യനെ വധിച്ച ശേഷം വീടിനു തീകൊളുത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവമുണ്ടായിരിക്കുന്നത്.
അതേസമയം, അടുത്തിടെയായി കാശ്മീര്‍ താഴ്‌വരയില്‍ സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭീകരരില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനം കൂടാതെ കടന്നു പോകുന്ന ഒരു ദിവസവും താഴ്‌വരയിലില്ലെന്ന് സൈനിക വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു. ഈ ആക്രമണങ്ങളില്‍ നിരവധി ഇന്ത്യന്‍ സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ജീവന്‍ നഷ്ടമാകുന്നതും ആശങ്കയ്ക്കിടയാക്കുന്നു.
Post Your Comments