തിരുവനന്തപുരം•കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും, വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫിന്റെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന ജന ജാഗ്രതായാത്ര വിജയിപ്പിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
കോടിയേരി ബാലകൃഷ്‌ണന്‍ നയിക്കുന്ന ജാഥ ഒക്ടോബര്‍ 21 ന് വൈകുന്നേരം 4 മണിക്ക് മഞ്ചേശ്വരത്ത് സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജയും, കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ ഒക്ടോബര്‍ 21 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്‌ഘാടനം ചെയ്യും.
കോടിയേരി ബാലകൃഷ്‌ണന്‍ നയിക്കുന്ന ജാഥയില്‍ സത്യന്‍ മൊകേരി (സി.പി.ഐ), പി.എം.ജോയ് (ജനതാദള്‍ എസ്), പി.കെ.രാജന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഇ.പി.ആര്‍.വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയാ തോമസ് (കേരളാ കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളായിരിക്കും. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ സ.എ.വിജയരാഘവന്‍ (സി.പി.ഐ (എം), ജോര്‍ജ്ജ് തോമസ് (ജനതാദള്‍ എസ്), അഡ്വ.ബാബു കാര്‍ത്തികേയന്‍ (എന്‍.സി.പി), ഉഴമലയ്‌ക്കല്‍ വേണുഗോപാലന്‍ (കോണ്‍ഗ്രസ് എസ്), പി.എം.മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവര്‍ അംഗങ്ങളായിരിക്കും.
ഉദ്‌ഘാടന പരിപാടിയില്‍ തിരുവനന്തപുരത്ത് എല്‍.ഡി.എഫ് നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ടി.പി.പീതാംബരന്‍ മാസ്റ്റര്‍ എന്നിവരും, മുന്നണിയുമായി സഹകരിക്കുന്ന പാര്‍ടികളുടെ നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ജി.സുഗുണന്‍ (സി.എം.പി) തുടങ്ങിയവരും പങ്കെടുക്കും.
മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് നേതാക്കളായ മന്ത്രി ഇ.ചന്ദ്രശേഖരന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരും മുന്നണിയുമായി സഹകരിക്കുന്ന പാര്‍ടിയുടെ നേതാക്കളായ പ്രൊഫ.അബ്ദുള്‍ വഹാബ് (ഐ.എന്‍.എല്‍), എം.കെ.കണ്ണന്‍ (സി.എം.പി) തുടങ്ങിയവരും പങ്കെടുക്കും.
Post Your Comments