തൊടുപുഴ: ഹൈദരാബാദില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായ മലയാളി എ.എസ്.ഐ കൊലപ്പെടുത്തിയശേഷം മൃതദേഹവും വീടും കഴുകി വൃത്തിയാക്കി. അരുണിനെ കാണാതായപ്പോള്‍ സുഹൃത്തുക്കളെത്തി വീടു തുറന്നപ്പോഴും പ്രതി ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്രേ. പോസ്റ്റ്‌മോര്‍ട്ടം നടന്ന സ്ഥലത്തും പ്രതിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആസൂത്രണം ചെയ്ത കൊലപാതകമെന്നാണു ബന്ധുക്കളുടെ ആരോപണം.
കരിമണ്ണൂര്‍ പന്നൂര്‍ പറയന്നിലത്ത് അരുണ്‍ പി. ജോര്‍ജി (37)നെ കൊലപ്പെടുത്തിയ കേസിലാണ് മാവേലിക്കര സ്വദേശിയായ ലാലു സെബാസ്റ്റിയന്‍ (40) അറസ്റ്റിലായത്. തന്റെ സഹോദരിയുടെ മകളുമായി അരുണിന്റെ അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് അറസ്റ്റിലായ ലാലു നല്‍കിയ മൊഴി.
യാതൊരുവിധ സ്വഭാവദൂഷ്യവുമുള്ള ആളായിരുന്നില്ല അരുണെന്നും ഇവര്‍ പറയുന്നു. അരുണിന്റെ ആറുപവന്റെ മാല മോഷണം പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സാമ്പത്തിക ഇടപാടു സംബന്ധിച്ചു അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ലാലുവിന്റെ ബന്ധുവായ പെണ്‍കുട്ടി ഒരുവര്‍ഷമായി അരുണ്‍ ജോലി ചെയ്തിരുന്ന പ്രസില്‍ ജീവനക്കാരിയായിരുന്നത്രേ. ഇവര്‍ തമ്മിലുള്ള അടുപ്പത്തെച്ചൊല്ലി വെള്ളിയാഴ്ച്ച രാത്രി ഇരുവരും തമ്മിലുണ്ടായ കലഹത്തെത്തുടര്‍ന്നാണു കൊലപാതകമെന്നു പോലീസ് പറയുന്നു.
സെക്കന്താരാബാദില്‍ റെയില്‍വേ രക്ഷാസേനയിലെ എ.എസ്.ഐയാണ് ലാലു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് രാംനഗറില്‍ ജോലിസ്ഥലത്തോടു ചേര്‍ന്നുള്ള വാടകവീട്ടിലെ ശുചിമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ അരുണിനെ കണ്ടെത്തിയത്. ഹിമത്യനഗറിലെ ജെ.എക്‌സ്. ഫ്‌ളെക്‌സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുണ്‍. ശനിയാഴ്ച്ച ഉച്ചയ്ക്ക് വിമാനമാര്‍ഗം അരുണ്‍ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. അരുണ്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് സൃഹൃത്തുക്കളെത്തി അന്വേഷിച്ചപ്പോഴാണ് വീടു പുറത്തുനിന്നു പൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടുടമയുടെ സാന്നിധ്യത്തില്‍ പൂട്ടുതകര്‍ത്ത് പരിശോധിച്ചപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ അലമാര തുറന്നനിലയിലായിരുന്നു. വീടിന് എതിര്‍വശത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വെള്ളിയാഴ്ച്ച വീട്ടിലേക്ക് ഒരാള്‍ കയറിപ്പോകുന്നതും ശനിയാഴ്ച്ച പുലര്‍ച്ചെ മടങ്ങുന്നതും കണ്ടെത്തിയിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ലാലു കുടുങ്ങിയത്. പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു. എന്നാല്‍ ലാലുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന നിലപാടിലാണ് അരുണിന്റെ ബന്ധുക്കള്‍.
Post Your Comments