ന്യൂഡല്‍ഹി: ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്നു മരിച്ച സംഭവത്തില്‍ ആധാര്‍ കാര്‍ഡുകള്‍ കത്തിച്ച് പ്രതിഷേധം. ‘പുതിയ ഇന്ത്യയില്‍ ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ 11 കാരി പട്ടിണി കിടന്ന് മരിക്കുകയാണെങ്കില്‍ അത്തരം വ്യവസ്ഥയുടെ രൂപം ഞങ്ങള്‍ തകര്‍ക്കും’ എന്നു പറഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാര്‍ ആധാര്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.
‘മനുഷ്യ ജീവനേക്കാള്‍ വിലയാണ് ആധാറിനെങ്കില്‍ അത്തരമൊരു ആധാര്‍ എനിക്കാവശ്യമില്ല. ഞാന്‍ ആധാര്‍ ബഹിഷ്‌കരിക്കുന്നു. ഇത് വ്യവസ്ഥിതിയോടുള്ള എന്റെ പ്രതിഷേധം’ എന്നു കുറിച്ചുകൊണ്ടാണ്
ബിഎസ്പി നേതാവും ആക്ടിവിസ്റ്റുമായ ദേവാശിഷ് ജരാരിയ തന്റെ ആധാര്‍ കത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ദേവാശിഷ് ജരാരിയയ്ക്ക് പുറമെ ദീപക് പാണ്ഡെ, സന്ദീപ് ഗൗതം തുടങ്ങിയവരും ട്വിറ്ററിൽ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 28നാണ് സന്തോഷി കുമാരിയെന്ന 11 കാരി പട്ടിണി മൂലം മരിച്ചത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഇവരുടെ റേഷന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. റേഷന്‍ നിഷേധിക്കപ്പെട്ടതിനാല്‍ എട്ടുദിവസത്തോളം പട്ടിണി കിടന്നാണ് സന്തോഷി മരിച്ചത്.
Post Your Comments