ആലുവ: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ് ആരോപിച്ചിരുന്നു. എന്നാൽ റിപ്പോര്‍ട്ടിനെ തള്ളിയിരിക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍. ഡോക്ടര്‍ ഹൈദര്‍ അലി ദിലീപിനു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപ് തന്റെ കീഴില്‍ ഫെബ്രുവരി 14 മുതല്‍ 18 വരെ ചികിത്സ തേടിയിരുന്നു. ദിലീപിനെ അഡ്മിറ്റ് ചെയ്തുവെങ്കിലും വൈകുന്നേരം വീട്ടില്‍ പോകുമായിരുന്നു. പോലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ.ഹൈദര്‍ അലി വ്യക്തമാക്കി.
ദിലീപ് ചികിത്സ തേടിയത് ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ്. മുന്‍പും അസുഖവുമായി അഡ്മിറ്റ് ചെയ്യുമ്പോള്‍ വൈകുന്നേരം വീട്ടില്‍ പോകുന്ന പതിവ് ദിലീപിന് ഉണ്ടായിരുന്നുവെന്നും ഡോ.ഹൈദര്‍ അലി ചൂണ്ടിക്കാട്ടി.
ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് ഒഴിവാകാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഫെബ്രുവരി 14 മുതല്‍ 21 വരെ ചികിത്സയില്‍ കഴിഞ്ഞുവെന്ന് പറയുന്ന ദിലീപ് ഇതിനിടെ ഷൂട്ടിംഗ് പങ്കെടുത്തതായും പോലീസ് ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ആയിരുന്നുവെന്ന് തെളിയിക്കാന്‍ ദിലീപ് വ്യാജരേഖ ഉണ്ടാക്കിയെന്നാണ് പോലീസ് ഭാഷ്യം. ഇത് നിഷേധിച്ചുകൊണ്ടാണ് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ തന്നെ രംഗത്തെത്തിയത്.
Post Your Comments