ആലപ്പുഴ: ‘ശുചിത്വ സാഗരം’ എന്നപേരില്‍ മന്ത്രി മുന്നിട്ടിറങ്ങിയപ്പോള്‍ കടല്‍ ശുചീകരണം യാഥാര്‍ഥ്യമാകുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നീണ്ടകര, ശക്തികുളങ്ങര ഭാഗത്തുനിന്ന് ഇതിനകം 250 ടണ്‍ പ്ലാസ്റ്റിക് ശേഖരിച്ചു. കൊച്ചി, ആലപ്പുഴ, കോഴിക്കോട് മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
കടലില്‍ പോകുന്ന ബോട്ടുടമകള്‍ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പദ്ധതി തുടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍നിന്നുള്ള മാലിന്യം ഒന്നാകെ ചാക്കിലാക്കി കരയിലെത്തിച്ചു. സ്ത്രീകള്‍ ഇവ വേര്‍തിരിച്ച് ശുചീകരിച്ച് സംഭരിച്ചു.
ശക്തികുളങ്ങരയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് ഇതിനകം 250 ടണ്‍ പ്ലാസ്റ്റിക് സംഭരിച്ചത്.ശുചിത്വമിഷന്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനുവദിച്ച 14 ലക്ഷം രൂപ ഉപയോഗിച്ച് പ്ലാസ്റ്റിക് നുറുക്കുന്ന യന്ത്രം സ്ഥാപിക്കാനാണ് അടുത്ത പദ്ധതി.
ഇതോടെ കൂടുതല്‍ പ്ലാസ്റ്റിക് സംസ്‌കരിക്കാനാവും. പഞ്ചായത്തുകള്‍, പള്ളികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെ ഇവയെത്തിക്കാനാണ് നീക്കം. പൊടിച്ച പ്ലാസ്റ്റിക് പണംനല്‍കി ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് റോഡ് നിര്‍മാണത്തിന് നല്‍കും.സ്വന്തം മാലിന്യം ആദ്യം ശേഖരിച്ചു
കടലില്‍ പോകുന്നവര്‍ ഒരുമാസംവരെ കഴിഞ്ഞാണ് മിക്കപ്പോഴും തിരിച്ചെത്തുന്നത്. ഇത്രകാലം ആവശ്യമുള്ള പാല്‍, അരി, മുളക് തുടങ്ങിയ സാധനങ്ങളെല്ലാം പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിക്കുകയും ഉപയോഗശേഷം കടലിലെറിയുകയുമായിരുന്നു. ഇതെല്ലാം ഇപ്പോള്‍ ബോട്ടുകളില്‍ സൂക്ഷിച്ച് മടക്കിക്കൊണ്ടുവരും. കടലിലെ പ്‌ളാസ്റ്റിക്കടക്കം ശേഖരിച്ചെത്തിക്കാന്‍ 2000 ചാക്കുകളാണ് ബോട്ടുകള്‍ക്ക് നല്‍കിയത്. ട്രോളിങ് വലകളില്‍ കുടുങ്ങുന്ന മുഴുവന്‍ മാലിന്യവും ഒന്നായി സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുകയാണിപ്പോള്‍.
Post Your Comments