ഫേസ്ബുക്കിൽ #metoo എന്നൊരു കാമ്പയിൻ നടക്കുകയാണ്. ഹോളിവുഡിലെ വെയ്ൻസ്റ്റീൻ സംഭവത്തെ തുടർന്ന് പാശ്ചാത്യ ലോകത്ത് ഉണ്ടായതാണ്. കുറച്ചു പെൺകുട്ടികൾ കേരളത്തിലും അത് ചെയ്യുന്ന കണ്ടു.
ഇത്തരം സംഭവങ്ങൾ കേരളത്തിലും ഉണ്ടാകുന്നുണ്ട്. പക്ഷെ അത് കൂടാതെ കേരളത്തിലെ പെൺകുട്ടികൾ നേരിടുന്നത് മറ്റൊരു തരത്തിൽ ഉള്ള ലൈംഗിക അതിക്രമം ആണ് എന്ന് ഞാൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ, അത് ആരാധനാലയങ്ങളിൽ ആയാൽ പോലും, പൊതു ഗതാഗത സംവിധാനങ്ങളിൽ, ഇരുട്ടുള്ള ഇടങ്ങളിൽ എല്ലാം തീരെ അപരിചിതർ ആയവർ ശരീരത്തിൽ കടന്നു പിടിക്കുക എന്നതാണ് ഇത്. ഇതിനോട് കൂട്ടി വായിക്കേണ്ടതാണ് കുട്ടികളുടെ കോളേജിനും ലേഡീസ് ഹോസ്റ്റലിനും ഒക്കെ മുൻപിൽ നഗ്നത പ്രദർശനം നടത്തുന്നവർ. ഇക്കാര്യത്തിൽ ഒരു metoo കാംപയിന്ന് പ്രസക്തി ഇല്ല കാരണം ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാത്ത പെൺകുട്ടികളും (ഇതിൽ പത്തു വയസ്സാവാത്ത പെൺ കുട്ടികൾ വരെ ഉണ്ടാകും) സ്ത്രീകളും ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ ?
ഇതിലെ ഏറ്റവും സങ്കടം എന്തെന്ന് വച്ചാൽ ഈ വിഷയത്തിന്റെ വ്യാപ്തിയും ഗുരുതരാവസ്ഥയും നമ്മുടെ പുരുഷന്മാർ മനസ്സിലാക്കുന്നില്ല എന്നതാണ്. അത് കൊണ്ട് തന്നെ ഇതൊരു സാമൂഹ്യ പ്രശ്നമായി അധികാരികൾ കാണുന്നില്ല, അതൊഴിവാക്കാൻ ഉള്ള ശക്തമായ നടപടികൾ ഉണ്ടാകുന്നില്ല. മൊട്ടു സൂചിയും ആയി പെൺ കുട്ടികൾ ഇപ്പോഴും ബസിൽ കയറേണ്ടി വരുന്നു.
ഒരു മിനുട്ടോ അതിൽ താഴെയോ നീണ്ടു നിൽക്കുന്ന ഇത്തരം അനുഭവങ്ങൾ അത്ര വലിയ പ്രശ്നമാണോ എന്ന് ചിലപ്പോൾ തോന്നാം. ശാരീരത്തിൽ ഉള്ള കടന്നുകയറ്റം ആണ് ഒരു മിനുട്ടിൽ തീരുന്നത്, പക്ഷെ നമ്മുടെ ശരീരം മലിനമാക്കപ്പെട്ടു എന്ന ചിന്ത, പെൺകുട്ടികൾ എത്ര തന്നെ പഠിച്ചാലും പദവികൾ നേടിയാലും “വെറും ശരീരം” മാത്രമായിട്ടാണ് ഏറെ സമൂഹം കാണുന്നത് എന്ന ചിന്ത ഒക്കെ ദിവസങ്ങളോളം അവരോടൊപ്പം നിൽക്കും. ഇത്തരം അനുഭവങ്ങൾ ഒഴിവാക്കാൻ പോകേണ്ട സ്ഥലങ്ങളും യാത്ര ചെയ്യുന്ന സമയവും ആരുടെ കൂടെ യാത്ര ചെയ്യുന്നു എന്നതും ഏതു വസ്ത്രം ധരിക്കുന്നു എന്നതും ഏത് വാഹനത്തിൽ യാത്ര ചെയ്യുന്നു എന്നതും ഒക്കെ അവർക്ക് തീരുമാനിക്കേണ്ടി വരുന്നു. അതവരുടെ വിദ്യാഭ്യാസ, തൊഴിൽ തിരഞ്ഞെടുപ്പുകളെയും അവസരങ്ങളെയും ബാധിക്കുന്നു. കേരളത്തിന് പുറത്തു പോകുന്ന പെൺകുട്ടികൾ കേരളത്തിലേക്ക് തിരിച്ചു വരാൻ വിമുഖത കാട്ടാനുള്ള ഒരു കാരണം ഇതാണ്. പുറത്തു വളരുന്ന പെൺകുട്ടികളും ആയി കേരളത്തിലേക്ക് വരുമ്പോൾ ഇത്തരം വൃത്തികേടുകളെ മനസ്സിലാക്കി കൊടുക്കാൻ അമ്മമാർ കഷ്ടപ്പെടുന്നു “ഇതാണോ ‘അമ്മ പറഞ്ഞ നമ്മുടെ സംസ്കാരം” എന്ന് കുട്ടികൾ ചോദിച്ചില്ലെങ്കിലും നാട്ടിൽ പോകാൻ കുട്ടികൾ വിമുഖത കാണിക്കുമ്പോൾ അമ്മമാർക്ക് അവരെ നിർബന്ധിക്കാൻ പറ്റുന്നില്ല. ഇതെല്ലാം നമ്മുടെ സമൂഹത്തിന് വൻ നഷ്ടം ഉണ്ടാക്കുന്നു. ഇതൊന്നും ആരും മനസ്സിലാക്കുന്നില്ല.
മാറ്റിയെടുക്കാൻ ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഓരോ കുട്ടികളും ഓരോ മൊട്ടുസൂചിയും ആയി യുദ്ധം ചെയ്തല്ല ഇതിനെ നേരിടേണ്ടത്. ഇതൊരു സാമൂഹ്യ പ്രശ്നം ആണെന്ന് ആദ്യം സമൂഹം അംഗീകരിക്കണം. ഇതിനെതിരെ വ്യാപകമായ ബോധവൽക്കരണം എല്ലാ മാധ്യമങ്ങളും വഴി നടത്തണം.ഓരോ കോളേജിലും ഓഫീസിലും ഈ വിഷയം ചർച്ച ചെയ്യണം. ഓരോ വീട്ടിലും അമ്മമാർ മക്കളോടും പെൺകുട്ടികൾ ആങ്ങളമാരോടും ഭാര്യമാർ ഭർത്താക്കന്മാരോടും ഇക്കാര്യം സംസാരിക്കണം. റോഡിൽ ഇറങ്ങിയാൽ ഇത്തരം വൃത്തികേടുകൾ കാണിക്കുന്നത് ചന്ദ്രനിൽ നിന്നും വരുന്ന ആളുകൾ ഒന്നുമല്ല, നമ്മുടെ കുടുംബങ്ങളിൽ നിന്നുള്ള ഭർത്താക്കന്മാരും, ആങ്ങളമാരും മക്കളും തന്നെ ആണ്.
പക്ഷെ പറഞ്ഞതു കൊണ്ട് മാത്രം ഈ പ്രശ്നം തീരില്ല. ഒരു ആഴ്ച ഇത്തരം ലൈംഗിക കടന്നു കയറ്റത്തിനെതിരെ ഒരു പോലീസ് ആക്ഷൻ വീക്ക് ഉണ്ടാകണം. ആ ആഴ്ചയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാൻ പെൺകുട്ടികളോട് ആഹ്വാനം ചെയ്യണം. ഇത്തരത്തിൽ പിടിക്കപ്പെടുനനവരെ ഒരു ദിവസം എങ്കിലും ജയിലിൽ ഇടണം, അവരുടെ വീട്ടിലെ സ്ത്രീകൾ ചെന്ന് ജാമ്യം നിന്നാലേ പുറത്തു വിടാവൂ എന്ന് ഒരു നിബന്ധന വക്കണം. വിവാഹം കഴിക്കാത്തവർ ആണെങ്കിൽ അമ്മമാർ, വിവാഹം കഴിച്ചവർ ആണെങ്കിൽ ഭാര്യമാർ, പതിനെട്ടു വയസ്സായ പെൺകുട്ടികൾ ഉള്ളവർ ആണെങ്കിൽ അവരുടെ പെൺകുട്ടികൾ ഇവർ ആയിരിക്കണം ജാമ്യം നിൽക്കേണ്ടത്. ഈ ഒരാഴ്ച കേസിൽ പെട്ട എല്ലാവരുടെയും പേരും ഫോട്ടോയും പോലീസിന്റെ വെബ്സൈറ്റിൽ ഇടണം. ഈ വിവരങ്ങൾ അവർ ജോലി ചെയ്യുന്നവർ ആണെങ്കിൽ അവരുടെ മേലധികാരികളെ അറിയിക്കണം.
ഇങ്ങനെ ഒറ്റ ആഴ്ച ചെയ്താൽ തീരുന്ന ഞെരമ്ബ് രോഗമേ ഇപ്പോൾ മലയാളിക്കുളളൂ. ആളുകൾ ഇത് മറക്കാൻ തുടങ്ങുമ്പോൾ ഒരു ബൂസ്റ്റർ ഡോസ് കൊടുക്കുക. ഒറ്റ വർഷം കൊണ്ട് ഈ വ്യാധി നമുക്ക് തുടച്ചു നീക്കാൻ പറ്റും.
പക്ഷെ ഇതിന്റെ ആദ്യത്തെ പടി ഇതൊരു വ്യാപകമായ പ്രശ്നം ആണെന്ന കാര്യം പെൺകുട്ടികൾ ഉയർത്തിക്കൊണ്ടു വരണം. മാധ്യമങ്ങളിൽ ഇതൊരു ചർച്ചയാവട്ടെ. മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന പെൺകുട്ടികൾ വിചാരിച്ചാൽ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു കാമ്പയിൻ ആണിത്. അതിന് എന്ത് സഹായവും എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. ഞാൻ മാത്രമല്ല ആയിരക്കണക്കിന് പുരുഷന്മാർ ഇക്കാര്യത്തിൽ മുന്നോട്ടു വരും.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നൂറു ശതമാനം സാക്ഷരത ഉള്ള ഒരു സംസ്ഥാനത്ത് നമ്മുടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ ശരീരത്തിലേക്കും മനസ്സിലേക്കും അനാവശ്യമായി കടന്നുകയറ്റം ഇല്ലാതെ പുറത്തിറങ്ങാൻ പറ്റുന്നില്ല എന്നത് നാടിന് അപമാനമാണ്.
Post Your Comments