Latest NewsNewsInternational

ഇന്ത്യയില്‍ ജനാധിപത്യ ഭരണമാണോ പട്ടാള ഭരണമാണോ വേണ്ടത് : ഞെട്ടിക്കുന്ന സര്‍വ്വേ ഫലം പുറത്ത്

വാഷിങ്ടണ്‍: ഇന്ത്യയില്‍ ജനാധിപത്യ ഭരണ സംവിധാനങ്ങളോടാണ് പൊതുവെ ആഭിമുഖ്യമെങ്കിലും ഈ അടുത്ത് നടന്ന സര്‍വേ ഫലം ആരെയും ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ അഞ്ചില്‍ നാലുഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷവും പട്ടാള ഭരണത്തെയും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായാണ് സര്‍വ്വേ ഫലം. ഇന്ത്യക്കാരായ 53 ശതമാനം പേരാണ് പട്ടാള ഭരണത്തെ പിന്തുണയ്ക്കുന്നത്. പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കഴിഞ്ഞ എഴുപതു വര്‍ഷത്തോളമായി ശക്തമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയിലെ ജനങ്ങളില്‍ 55 ശതമാനം പേര്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഏകാധിപത്യത്തെ പിന്തുണയ്ക്കുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു. ഇതില്‍ 27 ശതമാനം പേര്‍ ശക്തനായ ഒരു നേതാവിന്റെ കീഴില്‍ ഭരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതായും സര്‍വ്വേ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി വര്‍ധിച്ച 2012 മുതല്‍ 85 ശതമാനം പേര്‍ സര്‍ക്കാരില്‍ കൂടുതലായി വിശ്വാസമര്‍പ്പിക്കുന്നതായി സര്‍വ്വേ പറയുന്നു. ഇന്ത്യയിലെ 65 ശതമാനം പേര്‍ ടെക്‌നോക്രസിയെ (യന്ത്രവിദ്യാവിദഗ്ദ്ധര്‍ നടത്തുന്ന ഭരണം) പിന്തുണയ്ക്കുന്നു.

ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളില്‍ വിയറ്റ്‌നാം (67 ശതമാനം) ഫിലപ്പീന്‍സ് (62 ശതമാനം) എന്നീ രാജ്യങ്ങളിലെ ജനങ്ങളും ടെക്‌നോക്രസി നിലവില്‍വരുന്നതിനെ അനുകൂലിക്കുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്കയിലെ പകുതിയിലധികം ജനങ്ങളും (52 ശതമാനം) പട്ടാള ഭരണത്തെ അനുകൂലിക്കുന്നവരാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ 10 ശതമാനം പേര്‍ മാത്രമാണ് പട്ടാള ഭരണം വേണമെന്ന് അഭിപ്രായപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. 38 രാജ്യങ്ങളിലാണ് പ്യൂ റിസര്‍ച്ച് സര്‍വ്വേ നടത്തിയത്. ഇതില്‍ പകുതിയിലധികം രാജ്യങ്ങളും ജനാധിപത്യ സംവിധാനത്തെയാണ് പിന്തുണയ്ക്കുന്നത്. ലോകത്തിലെ പ്രധാന രാജ്യങ്ങളിലെ ഭരണനിര്‍വ്വഹണം സംബന്ധിച്ച് പഠനം നടത്തുന്ന സ്ഥാപനമാണ് പ്യു റിസര്‍ച്ച്.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button