കൊച്ചി : ഫിലിപ്പീന്‍സ് മേഖലയില്‍ മുങ്ങിയ എംവി എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലിലെ ജീവനക്കാര്‍ക്കുവേണ്ടി തിരച്ചില്‍ – രക്ഷാദൗത്യവുമായി ഇന്ത്യന്‍ നാവികസേനയുടെ വിമാനം മനിലയില്‍ ഇന്നു രാവിലെ എത്തി. കാറ്റു നിറച്ച് സഞ്ചരിക്കാവുന്ന റബര്‍ വള്ളവും ദുരന്തത്തിന് ഇരയായവരെ കണ്ടെത്തിയാല്‍ നല്കാന് വെള്ളവും ഭക്ഷണവും മരുന്നും വിമാനത്തില്‍ കരുതിയിട്ടുണ്ട്. റബര്‍ വള്ളത്തില്‍ 10 പേര്‍ക്കു സഞ്ചരിക്കാം.
ബോയിങ് പി-8ഐ എല്‍ആര്‍എംആര്‍ വിമാനം പറത്തുന്നതു കമാന്‍ഡര്‍ എം. രവികാന്താണ്. ഫിലിപ്പീന്‍സിലെ വിലമോര്‍ എയര്‍ബേസില്‍നിന്നാണു തിരച്ചില്‍ ദൗത്യത്തിനു തുടക്കമിട്ടത്. തമിഴ്നാട്ടിലെ ആരക്കോണം നേവല്‍ എയര്‍ബേസില്‍നിന്ന് അര്‍ധരാത്രിക്കുശേഷം പുറപ്പെട്ടതാണു വിമാനം. കപ്പലിന്റെ ക്യാപ്റ്റന്‍ രാജേഷ് നായര്‍ മലയാളിയാണ്. 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ 10 പേര്‍ക്കുവേണ്ടിയാണു തിരച്ചില്‍. അവരില്‍ മലയാളികളുണ്ടെന്നാണു വിവരം.
ഇന്തൊനീഷ്യയില്‍നിന്നു നിക്കല്‍ അയിരുമായി ചൈനയിലേക്കുള്ള യാത്രയ്ക്കിടെ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴിനായിരുന്നു അപകടമെന്നാണു രാജേഷിന്റെ വീട്ടുകാര്‍ക്കു ലഭിച്ച വിവരം. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചാക്കനാട്ട് ഓലിയില്‍ രാജേഷ് നായര്‍ മുംബൈക്കു സമീപം വസായ് വിരാറിലെ വിരാട് നഗറിലാണു താമസം. ഭാര്യ രശ്മി പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥയാണ്.
സ്റ്റെല്ലര്‍ ഓഷന്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹോങ്കോങ് റജിസ്ട്രേഷന് കപ്പലാണ് എംവി എമറാള്‍ഡ് സ്റ്റാര്‍. ഈമാസം എട്ടിനാണ് ഇന്തൊനീഷ്യയില്‍ നിന്നു പുറപ്പെട്ടത്. നിക്കല്‍ അയിരിലെ ഈര്‍പ്പം അനുവദനീയ പരിധിയിലും കൂടിയതിനെ തുടര്‍ന്നുള്ള ഇളക്കത്തില്‍ കപ്പല്‍ ചെരിഞ്ഞതാണ് അപകട കാരണമെന്നാണു സൂചന. അപകടമേഖലയ്ക്കു സമീപമുണ്ടായിരുന്ന എംവി ഡെന്‍സ കോബ്ര, എസ്എം സാമരിന്ഡ എന്നീ കപ്പലുകളാണു 16 പേരെ രക്ഷിച്ചത്.
Post Your Comments