കശ്മീർ: കഴിഞ്ഞ മെയ് മുതൽ കശ്മീരിൽ സൈന്യം ഓപ്പറേഷൻ ഓൾ ഔട്ട് നടപ്പിലാക്കിയിരുന്നു. താഴ്വരയിലെ ഭീകര സംഘടനകൾക്ക് ഈ ഓപ്പറേഷൻ ഓൾ ഔട്ട് മൂലം വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട് . ലഷ്കറിന്റെയും ഹിസ്ബുളിന്റെയും കമാൻഡർമാരെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇത് വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം.
ഓപ്പറേഷൻ ഓൾ ഔട്ട് താഴേക്കിടയിലുള്ള ഭീകരർക്ക് പകരം ആസൂത്രകരേയും ജില്ല കമാൻഡർമാരെയും ഉദ്ദേശിച്ചുള്ളതാണ്. പാകിസ്ഥാൻ ഒരു കമാൻഡർ കൊല്ലപ്പെടുമ്പോൾ പെട്ടെന്ന് തന്നെ മറ്റൊരാളെ പകരം എത്തിക്കുന്നുണ്ട്. എന്നാലും സൈന്യത്തിന് അധികം താമസിയാതെ തന്നെ അവരെയും വധിക്കാൻ കഴിയുന്നുണ്ട്.
സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോയത് തെക്കൻ കശ്മീരിൽ ഭീകരർ സ്വൈര വിഹാരം നടത്തി തുടങ്ങിയതോടെയാണ്. ഓപ്പറേഷണൽ കമാൻഡർമാരായ അബു ദുജാനയേയും അബു ഇസ്മായിലിനേയും വധിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി . കീഴടങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ഒളിച്ചിരുന്ന കെട്ടിടം സ്ഫോടനത്തിൽ തകർത്താണ് സൈന്യം അബു ദുജാനയെ വധിച്ചത്.
ഇപ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിൽ നിന്ന് ഭീകരർ പിന്നോട്ട് പോയിട്ടുണ്ട്. ഭീകര വേട്ട ശക്തമായതോടെയാണ് ഇത്തരം ഒരു നീക്കം. അതുകൊണ്ട് തന്നെ സൈന്യത്തെ മനുഷ്യ ഇന്റലിജൻസാണ് സഹായിക്കുന്നത് . എന്നാൽ ലഷ്കറിനെക്കാൾ താഴ്വരയിൽ വിഘടനവാദ പിന്തുണയുള്ള ഹിസ്ബുൾ ഭീകരർ ചിലപ്പോഴെങ്കിലും ഇത് മറികടന്ന് രക്ഷപ്പെടാറുണ്ട്.
ഇനി ഒരാൾ മാത്രമാണ് ബുർഹാൻ വാനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഭീകരരിൽ ബാക്കിയുള്ളത്. ഒരാൾ കീഴടങ്ങിയപ്പോൾ ബാക്കി എല്ലാവരേയും സൈന്യം വധിച്ചു. നിലവിൽ പാഡറും റിയാസ് അഹമ്മദ് നായ്കൂവും ഹിസ്ബുളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് അൽ ഖായ്ദയുടെ ഇന്ത്യൻ വിംഗ് ആരംഭിച്ച സക്കിർ റഷീദ് ഭട്ടുമാണ് സൈന്യത്തിന്റെ അടുത്ത ലക്ഷ്യങ്ങൾ.
ഇതുവരെ 10 ജില്ല കമാൻഡർമാരും 21 കമാൻഡർമാരുമാണ് ഈ ഓപ്പറേഷനിലൂടെ ഔട്ടായത്. ഈ വർഷം ഇതുവരെ ഇവരുൾപ്പെടെ 168 ഭീകരരാണ് കൊല്ലപ്പെട്ടത് . കഴിഞ്ഞ വർഷം 165 ഭീകരരാണ് കൊല്ലപ്പെട്ടത്.
Post Your Comments