
കണ്ണൂര്‍: കണ്ണൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് കാര്‍ യാത്രികരായ കുടുംബത്തെ അക്രമിച്ചു. കണ്ണൂര്‍ – തോട്ടട ദേശീയ പാതയിലാണ് കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഒരു കുടുംബത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
തലശ്ശേരി അണ്ടലൂരിലെ പൊന്നാരത്ത് വീട്ടില്‍ ഷരണും കുടുംബവും ഹര്‍ത്താലില്‍ തറവാട്ടു വീട്ടില്‍ കഴിയാമെന്ന ലക്ഷ്യത്തോടെയാണ് അണ്ടലൂരില്‍ നിന്നും കാറില്‍ പുറപ്പെട്ടത്. കാര്‍ തോട്ടടയിലെത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ്സ് ഡ്രൈവര്‍ മറി കടന്നു പോവാന്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. അതു പ്രകാരം കാര്‍ മറി കടന്ന ഉടന്‍ എതിര്‍ ദിശയില്‍ നിന്നും അമിത വേഗതയിലെത്തിയ ബൈക്കിലെ മൂന്ന് യുവാക്കള്‍ അസഭ്യം പറഞ്ഞ് തലശ്ശേരി ഭാഗത്തേക്ക് കടന്നു പോവുകയായിരുന്നു.
കാറില്‍ കാഞ്ഞിരയിലെ വസതിയിലേക്ക് പോകുന്ന കുടുംബം ജെ.ടി.എസിന് സമീപം എത്തിയപ്പോള്‍ ഒരു ബൈക്ക് കുറുകേയിട്ട് യാത്ര മുടക്കി. എന്താണ് കാര്യമെന്നറിയാതെ പകച്ചു നിന്നപ്പോള്‍ ബൈക്കിലെത്തിയ സംഘം കാറിനിടിക്കുകയും ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ബലമായി ഡോര്‍ തുറന്ന് ഷരണിനെ ആക്രമിക്കാന്‍ ശ്രമിച്ചു. കല്ലെടുത്ത് അയാളുടെ കൈക്കും മുഖത്തും പരിക്കേല്‍പ്പിച്ചു. സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങള്‍ ബഹളം വെച്ചപ്പോഴും അവര്‍ക്കു നേരേയും അക്രമികളുടെ കൈക്കരുത്ത് കാണിച്ചു. അവരെ തള്ളിയിട്ടു. ഒന്നര വയസ്സുള്ള കുട്ടിയും ഷരണിന്റെ ഭാര്യയും ഇളയമ്മയും അടക്കമുള്ളവര്‍ ബഹളം വച്ചെങ്കിലും അക്രമികള്‍ അടങ്ങിയില്ല.
സ്ത്രീകളുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെയാണ് അക്രമി സംഘം ഇവരെവിട്ട് പോയത്. പോകുമ്പോഴും എടക്കാട് വന്നാല്‍ കാണിച്ചു തരാമെന്നും പ്രതികാര ബുദ്ധിയോടെ പറഞ്ഞാണ് ബൈക്കിലെത്തിയ സംഘങ്ങള്‍ തിരിച്ചു പോയത്. അതോടെ കൂടുതല്‍ ഭയന്ന കാര്‍ യാത്രികര്‍ നാട്ടുകാരുടെ സഹായത്തോടെ എടക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments