മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിലേക്ക്. കെഎന്‍എ ഖാദര്‍ 22540 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വോട്ടെണ്ണിയ നാല് പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. എആര്‍ നഗര്‍, ഊരകം, വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത്. ആദ്യം വോട്ടെണ്ണിയ എആര്‍ നഗര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 6200 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. ഇത് ഇത്തവണ 2672 വോട്ടുകളായി കുറഞ്ഞു.കണ്ണമംഗലം പഞ്ചായത്തില്‍ ഇത്തവണ 3869 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെഎന്‍എ ഖാദറിന് ലഭിച്ചത്. 5319 വോട്ടുകളുടെ ഭൂരിപക്ഷമാണ് കണ്ണമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചിരുന്നത്.
ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണിയത്. ആകെയുണ്ടായിരുന്ന ഒരു പോസ്റ്റല്‍ വോട്ട് എല്‍ഡിഎഫിനാണ്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്. 2011ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് 38237 വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. 2017ല്‍ നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ ഭൂരിപക്ഷം 40529 വോട്ടുകളാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 42323 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.
2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വേങ്ങരയില്‍ 3505 വോട്ടുകളുടേയും എആര്‍ നഗര്‍ 2672 വോട്ടുകളുടേയും ഊരകത്ത് 2773 വോട്ടുകളുടേയും കണ്ണമംഗലത്ത് 3869 വോട്ടുകളുടേയും കുറവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എസ്ഡിപിഐ മൂന്നാം സ്ഥാനത്തേക്ക് കയറി വരുന്ന കാഴ്ച്ചയും ഫലം പുറത്തുവരുമ്പോള്‍ കാണാനാകും. 2016ല്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3049 വോട്ടുകളാണ് എസ്ഡിപിഐക്ക് ലഭിച്ചത്. ആദ്യ മൂന്ന് പഞ്ചായത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ എസ്ഡിപിഐക്ക് ഈ വോട്ടുകള്‍ ലഭിച്ചു കഴിഞ്ഞു.
ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി.നസീര്‍ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള ബിജെപിയും എസ്ഡിപിഐയും തമ്മില്‍ ചുരുങ്ങിയ വോട്ടുകളുടെ വ്യത്യാസം മാത്രമെയുള്ളൂ. അതേ സമയം യുഡിഎഫിന്റെ വിമത സ്ഥാനാര്‍ത്ഥി ഹംസ കരുമണ്ണില്‍ ആറാം സ്ഥാനത്താണുള്ളത്. നോട്ടയാണ് അഞ്ചാം സ്ഥാനത്ത്. 11ന് നടന്ന വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്(72.12 ശതമാനം) ആണ് രേഖപ്പെടുത്തിയത്. ആറ് പഞ്ചായത്തകളുള്ള വേങ്ങര മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തും ഭരിക്കുന്നത് മുസ്ലീം ലീഗാണ്. പറപ്പൂരില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട ജനകീയ മുന്നണി ഭരണം നടത്തുന്നു.
Post Your Comments