തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ഒരൊറ്റ നെറ്റ്വര്‍ക്കിന് കീഴിലാക്കുന്നു. ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, തീവ്ര പരിചരണ വിഭാഗം, മരുന്ന് വില്‍പ്പന ശാലകള്‍, ലാബുകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയെല്ലാമാണ് ഒരൊറ്റ നെറ്റുവര്‍ക്കിന് കീഴിലാക്കുന്നത്. ഈ വിഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. ആയതിനാല്‍ ഇതുമൂലമുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമഗ്ര കമ്പ്യൂട്ടര്‍ ശൃംഖലയുടെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇ-ഹെല്‍ത്ത് നടപ്പിലാക്കുന്നത്. ഇതിലൂടെ രോഗിയുടെ കേസ്ഷീറ്റും ആശുപത്രി രേഖകളുമെല്ലാം ഇലകട്രോണിക് ഡേറ്റയാക്കി സൂക്ഷിക്കാന്‍ കഴിയുന്നു. ഒ.പി.യിലെത്തി ഡോക്ടറെ കണ്ട് വിവിധ പരിശോധനകള്‍ നടത്തി മരുന്ന് വാങ്ങുന്നതു വരെ ഒന്നിനും തന്നെ പേപ്പര്‍ ആവശ്യമില്ല. എല്ലാ ചികിത്സാ വിവരങ്ങളും ഓണ്‍ ലൈനായി അതത് സ്ഥലങ്ങളില്‍ എത്തുന്നു. മാത്രമല്ല ഇ-ഹെല്‍ത്തിന്റെ ഭാഗമായ ഏതാശുപത്രിയില്‍ നിന്നും ഒരു രോഗിയുടെ പഴയകാല രോഗ വിവരങ്ങള്‍ കിട്ടുന്നതിനും അതിലൂടെ വേഗത്തിലുള്ള ചികിത്സ ലഭ്യമാക്കാനും സാധിക്കുന്നു.
Post Your Comments