
ന്യൂഡൽഹി: ലൗ ജിഹാദിൽ കുടുങ്ങി ഇസ്ളാം മതത്തിലേക്ക് മാറിയ കോട്ടയം സ്വദേശിനി അഖില എന്ന ഹാദിയയുടെ കേസിൽ എൻ.ഐ.എ അന്വേഷണത്തെ എതിർത്ത കേരളം ദേശീയ അന്വേഷണ ഏജന്‍സിക്ക് നൽകിയത് സമാനമായ 90 കേസിന്റെ വിവരങ്ങൾ. കേരളത്തിന്റെ അപേക്ഷ ലഭിച്ച എൻ.ഐ.എ ഇക്കാര്യത്തിൽ വേഗത്തിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പാലക്കാട് നിന്നുള്ള ആതിര നമ്പ്യാർ, കാസർകോട് ജില്ലയിലെ ബേക്കലിൽ നിന്നുള്ള ആതിര എന്നിവരുടെ മൊഴി എൻ.ഐ.എ രേഖപ്പെടുത്തുകയും ചെയ്തു. മുസ്ളിം യുവാക്കളുമായി പ്രണയത്തിലാവാനും അതിലൂടെ ഇസ്ളാം മതം സ്വീകരിക്കാനും തങ്ങൾ പ്രലോഭിപ്പിക്കപ്പെട്ടതായി ഇവർ സമ്മതിക്കുകയും ചെയ്തിരുന്നു.
ഹാദിയ കേസിൽ എൻ.ഐ.എ അന്വേഷിക്കേണ്ടതായി ഒന്നുമില്ലെന്നായിരുന്നു സുപ്രീംകോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട്. കേരളം നൽകിയ വിവരങ്ങൾ അനുസരിച്ച് എൻ.ഐ.എ നടത്തിയ അന്വേഷണത്തിൽ തീവ്രമുസ്ളിം സംഘടനയായ പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും ആതിരമാരുടെ കേസിൽ ഇടപെട്ടതായി കണ്ടെത്തി. ഏറ്റവും ഒടുവിലായി ഹാദിയയുടെ കേസിലും എസ്.ഡി.പി.ഐ ഇടപെട്ടതിന് എൻ.ഐ.എയ്ക്ക് തെളിവ് ലഭിച്ചിരുന്നു.
ലൗ ജിഹാദിന് നേതൃത്വം നൽകുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗം ദേശീയ പ്രസിഡന്റായ സൈനബയാണെന്ന് എൻ.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. ലൗ ജിഹാദിനായി തീവ്രവാദ സ്വഭാവമുള്ള ‘ദവാ സ്ക്വാഡ് ‘ എന്ന സംഘടന കേരളത്തിൽ ഊർജിതമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇത്തരത്തിൽ 23 കേസുകളിൽ സൈനബ ഇടപെട്ടിട്ടുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്.
Post Your Comments