കണ്ണൂര്‍: ഈ മാസം 9, 10 തീയതികളിൽ ഓൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് രാജ്യവ്യാപകമായി വാഹനപണിമുടക്കു നടത്തുന്നു. എന്നാൽ ഈ പണിമുടക്ക് കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്നു ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
സമരം പ്രഖ്യാപിച്ചിരിക്കുന്നത് വൻകിട ചരക്കു വാഹനങ്ങളുടെ ഉടമകളാണ്. ട്രേഡ് യൂണിയനുകൾ അവർ ഉന്നയിക്കുന്ന ആവശ്യങ്ങളോടു യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതു സംബന്ധിച്ചു യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യർഥിക്കുകയോ ചെയ്തിട്ടില്ലെന്നു ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ട്രഷറർ കെ.ജയരാജൻ പറഞ്ഞു.
സമരത്തിൽ കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളോ വാഹന ഉടമകളോ പങ്കെടുക്കുന്നില്ല. എങ്കിലും സമരത്തെ എതിർക്കുന്നില്ല. സമരം ജിഎസ്ടി മൂലമുള്ള പ്രശ്നങ്ങൾ, ഇൻഷുറൻസ് പ്രീമിയം വർധന, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന തുടങ്ങിയവയ്ക്കെതിരെയാണ്. ഇതേ ആവശ്യങ്ങളുന്നയിച്ചു കേരളത്തിലെ വാഹന ഉടമകളും തൊഴിലാളികളും വിപുലമായ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നുണ്ട്. ഇക്കാര്യം ആലോചിക്കാൻ സംസ്ഥാനത്തെ മോട്ടോർ വാഹന രംഗത്തെ എല്ലാ സംഘടനകളുടെയും സംയുക്ത യോഗം 20ന് എറണാകുളത്തു ചേരും.
Post Your Comments