ഓണം, വിഷു, ദീപാവലി തുടങ്ങിയ സീസണുകള്‍ വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഉത്സവകാലമാണ്. വിലക്കുറവും അതിശയിപ്പിയ്ക്കുന്ന ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാനും കച്ചവടം പൊടിപൊടിയ്ക്കാനും നിര്‍മ്മാതാക്കള്‍ മത്സരിക്കുകയാണ്. എന്നാല്‍ ഈ ദീപാവലിക്ക് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പ് നല്കിയ ഓഫര്‍ എല്ലാവരെയും അമ്പരപ്പിക്കും.
ഒക്ടോബര്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസങ്ങളില്‍ ബൈക്ക് വാങ്ങുന്ന എല്ലാവര്ക്കും ഒരു ആടിനെ സൗജന്യമായി നല്‍കുമെന്നാണ് ഗായത്രി മോട്ടോഴ്സ് ഓഫര്‍ നല്‍കിയത്. വിവരമറിഞ്ഞതോടെ ആളുകളെല്ലാം ബൈക്ക് ബുക്ക് ചെയ്യാനായി ഗായത്രി മോട്ടോഴ്സിലേക്ക് ഓടി. ആദ്യം ദിനം മാത്രം നൂറോളം ബുക്കിങ് വന്നു. തുടര്‍ന്നും ബൈക്കുകള്‍ക്കുള്ള ബുക്കിങ് കുത്തനെ ഉയര്‍ന്നു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആടുകളെ സംഘടിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് നല്കാന് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഓഫര്‍ പിന്‍വലിക്കാന്‍ ഡീലര്‍ഷിപ്പ് നിര്‍ബന്ധിതമായി. ഇനി ബുക്ക് ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഗായത്രി മോട്ടോഴ്സ്.
Post Your Comments