തിരുവനന്തപുരം•പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ ധനസഹായത്തിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ സമര്‍പ്പിക്കാം. ഇതിനായി രോഗിയെ ചികില്‍സിക്കുന്ന ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തഹസീല്‍ദാരില്‍ നിന്നുള്ള രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന രോഗിയുടെ കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ പേജിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അയക്കണം. കൂടാതെ എം.പി/എം.എല്‍.എ/ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരില്‍ നിന്ന് ശുപാര്‍ശ കത്ത് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് കൂടി അയക്കാം. രോഗിയല്ല അപേക്ഷകനെങ്കില്‍ രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ കൂടി സമര്‍പ്പിക്കണം.
അക്ഷയയിലൂടെ അപേക്ഷ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷകന്‍് നല്‍കിയ മൊബൈല്‍ ഫോണിലേക്ക് അപേക്ഷാ നമ്പരും മറ്റു വിവരങ്ങളും അടങ്ങിയ സന്ദേശം ലഭിക്കും. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് മറ്റുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനോടൊപ്പം അടുത്തുള്ള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.
അക്ഷയയിലൂടെ അപേക്ഷിക്കുമ്പോള്‍ അക്ഷയ കേന്ദ്രത്തിന്റെ നമ്പര്‍ രേഖപ്പെടുത്തണം. അക്ഷയയിലൂടെയുള്ള ഓണ്‍ലൈന്‍ അപേക്ഷ തികച്ചും സൗജന്യമാണ്. അപേക്ഷാ നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ പുരോഗതി അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
Post Your Comments