KeralaLatest NewsNews

യോഗി ആദിത്യനാഥിനു തോമസ് ഐസകിന്റെ ക്ഷണം

കോഴിക്കോട്:  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ധനമന്ത്രി തോമസ് ഐസകിന്റെ ക്ഷണം. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കാനാണ് തോമസ് ഐസക് യോഗിയെ ക്ഷണിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് തോമസ് ഐസക്ക് യുപി മുഖ്യമന്ത്രിയെ ക്ഷണിച്ചത്.

കേരളത്തെക്കുറിച്ച് ബിജെപിയുടെ ദേശീയ നേതാക്കള്‍ക്ക് കാര്യമായൊന്നും അറിയില്ല. യുപി എന്താണെന്ന് കേരളീയര്‍ക്കു നന്നായി അറിയാം.
യുപിയില്‍ ആയിരം ജനനങ്ങളില്‍ അഞ്ചു വയസിനു മുമ്പു മരിക്കുന്നത് 64 പേരാണ്. 35 പേര്‍ ഒരു മാസത്തിനുള്ളിലും. 50 പേര്‍ ഒരു വര്‍ഷം തികയ്ക്കുന്നില്ല. ഇങ്ങനെയൊരു സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നുവെങ്കില്‍ കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ലെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആശുപത്രികളുടെ കാര്യത്തില്‍ കേരളം യുപിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടെ, ഒരുകാര്യം വ്യക്തമായിരിക്കുന്നു. കേരളത്തെക്കുറിച്ച് ബിജെപിയുടെ ദേശീയ നേതാക്കള്‍ക്ക് കാര്യമായൊന്നും അറിയില്ല. കേരളത്തിലെ നേതാക്കള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ചില നുണകളല്ലാതെ.

നാടിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ വികസനനേട്ടങ്ങളോ ആദിത്യനാഥിനും അനുയായികള്‍ക്കും അറിയില്ലായിരിക്കാം. എന്നാല്‍ ഇവിടെ കാര്യം മറിച്ചാണ്. യുപി എന്താണെന്ന് കേരളീയര്‍ക്കു നന്നായി അറിയാം.

ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആയിരത്തിന് 50 എന്നാണ് അവിടെ കണക്ക്. കേരളത്തില്‍ അത് 12 ആണ്. 2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് 15 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 25 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എട്ടു ശതമാനത്തോളം കുറയുകയാണ് ചെയ്തത്.

യുപിയില്‍ ആയിരം ജനനങ്ങളില്‍ അഞ്ചു വയസിനു മുമ്പു മരിക്കുന്നത് 64 പേരാണ്. 35 പേര്‍ ഒരു മാസത്തിനുള്ളിലും. 50 പേര്‍ ഒരു വര്‍ഷം തികയ്ക്കുന്നില്ല. അതിജീവിക്കുന്നവരില്‍ വളര്‍ച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്. യുപിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബീഹാറിനേക്കാള്‍ നാലു വര്‍ഷവും ഹരിയാനയെക്കാള്‍ അഞ്ചുവര്‍ഷവും ഹിമാചല്‍ പ്രദേശിനേക്കാള്‍ ഏഴു വര്‍ഷവും കുറവാണ്. മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യുപി. 62 ശതമാനം ഗര്‍ഭിണികള്‍ക്കും മിനിമം ഗര്‍ഭശുശ്രൂഷ പോലും ലഭിക്കുന്നില്ല.

ഇങ്ങനെയൊരു സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നുവെങ്കില്‍ കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ല എന്നാണര്‍ത്ഥം. അല്ലെങ്കില്‍ തൊലിക്കട്ടി അപാരമാണ്. വെറുമൊരു ബിജെപി നേതാവെന്ന നിലയില്‍ ആദിത്യനാഥ് ഇങ്ങനെയൊക്കെ പറയുന്നത് നമുക്കു മനസിലാക്കാം. പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ആ പദവിയുടെ അന്തസു കാണിക്കണം.

ആദിത്യനാഥിന്റെ ഭരണശേഷി വിശകലനം ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ സ്വാതി ചതുര്‍വേദി കഴിഞ്ഞ മാസം എന്‍ഡിടിവിയില്‍ ഒരു ലേഖനമെഴുതിയിരുന്നു. മാനവവിഭശേഷി സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിന് ആദിത്യനാഥിന്റെ ഭരണത്തിന്‍കീഴില്‍ അഭിമാനിക്കാന്‍ ഒരു നേട്ടവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തകര്‍ന്നു തരിപ്പണമായ ക്രമസമാധാന നില, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, താറുമാറായ വൈദ്യുത വിതരണ സംവിധാനം, കുടിവെള്ള ദൌര്‍ലഭ്യം, പെരുകുന്ന കര്‍ഷകപ്രശ്‌നങ്ങള്‍ എന്നിങ്ങനെ നീളുന്നു, ഭരണനൈപുണ്യത്തിന്റെ സാക്ഷ്യപത്രം. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ മുഖ്യവാഗ്ദാനമായിരുന്ന കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ചു സംസാരിക്കാന്‍ ചെന്ന മുതിര്‍ന്ന ഐഎഎസുകാരന്റെ അനുഭവവും ആ കുറിപ്പില്‍ ഉദ്ധരിച്ചിട്ടുണ്ട്. സംസാരത്തില്‍ യാതൊരു താല്‍പര്യവും കാണിക്കാതെ രുദ്രാക്ഷമാല നല്‍കി ഉദ്യോഗസ്ഥനെ ഒഴിവാക്കിയത്രേ.

ഏതായാലും കേരളത്തിലെത്തിയ സ്ഥിതിയ്ക്ക് അദ്ദേഹം കുറച്ചു ദിവസം സംസ്ഥാനത്തിന്റെ അതിഥിയായി ഇവിടെ താമസിക്കണം. ആശുപത്രികളും സ്‌കൂളുകളും സന്ദര്‍ശിക്കണം. ആരോഗ്യസംവിധാനത്തെക്കുറിച്ചു പഠിക്കണം. യുപിയിലെ ജനങ്ങള്‍ക്ക് അതുകൊണ്ട് നല്ലതേ വരൂ…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button