KeralaLatest NewsNews

ഏക്കറുകണക്കിന് എസ്‌റ്റേറ്റും ഫ്‌ളാറ്റുകളും വാങ്ങുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ : കോടികളുടെ പണം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെന്നും കണ്ടെത്തല്‍

 

പാലക്കാട് :ഏക്കറുകണക്കിന് എസ്റ്റേറ്റും ഫ്‌ളാറ്റുകളും വാങ്ങുന്ന വിദേശ മലയാളികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍. വിദേശ മലയാളികളുടെയും അവരുള്‍പ്പെട്ട ട്രസ്റ്റുകളുടെയും പേരില്‍ നിയമവിരുദ്ധമായി നടക്കുന്ന വസ്തു ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. കാസര്‍കോട്, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ ചില വന്‍കിട ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

രാജ്യത്തു സ്ഥിരതാമസമില്ലാത്തവരുടെ പേരില്‍ നടക്കുന്ന വസ്തു ഇടപാടുകളിന്മേലാണു വിദേശനാണ്യ വിനിമയച്ചട്ട പ്രകാരമുള്ള അന്വേഷണം. 18 ഏക്കര്‍ റബര്‍ തോട്ടവും 5.5 ഏക്കര്‍ ഫാമും വാങ്ങിയ കോഴിക്കോട് ജില്ലയിലെ ദമ്പതികള്‍ക്കു കഴിഞ്ഞ ദിവസം ഏഴു ലക്ഷം രൂപ പിഴ ചുമത്തി. ഇവര്‍ക്കെതിരെ സിവില്‍ നടപടികളും ആരംഭിച്ചു.

വിദേശത്തു താമസിക്കുന്നവരുടെ പേരില്‍ സംസ്ഥാനത്തെത്തുന്ന പണം മറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്. യുഎസില്‍ താമസക്കാരനായ വടക്കന്‍ ജില്ലയിലെ ഒരു വ്യക്തി അരി കയറ്റുമതിക്കായി ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നു 10 കോടി രൂപ വായ്പയെടുത്തെങ്കിലും അങ്ങനെയൊരു സ്ഥാപനമില്ലെന്നും അരി കയറ്റുമതി നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ താമസിയാതെ സിവില്‍, ക്രിമിനല്‍ നടപടിയുണ്ടാകും.

പാലക്കാട്ട് ഇത്തരത്തില്‍ ആറും കാസര്‍കോട്ട് ഏഴും വയനാട്ടില്‍ ആറും ഇടുക്കിയില്‍ നാലും കേസുകളാണ് എന്‍ഫോഴ്‌സമെന്റ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. നിയമവിരുദ്ധ ഇടപാടുകള്‍ തെളിഞ്ഞാല്‍ ഈ സ്വത്തുകള്‍ കണ്ടുകെട്ടാനുളള അധികാരം വകുപ്പിനുണ്ടെന്നു ഡപ്യൂട്ടി ഡയറക്ടര്‍ വി.പ്രവീണ്‍ പറഞ്ഞു. പുതിയ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളുടെ പണമിടപാടുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button