കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീര്‍ഘമായ വാദങ്ങള്‍ കേട്ടിരുന്നു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിലാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ജസ്റ്റിസ് പി ഉബൈദാണ് നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുക.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണു പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത്.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പ്പനശാലയായ ലക്ഷ്യയില്‍ നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി വന്നിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഈ സംഭവം ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതിനു മുമ്പേ കുറ്റപത്രം നല്‍കും. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങളില്‍നിന്നാണ് കേസ് സംബന്ധിച്ച ചില വിവരങ്ങള്‍ ആധികാരികമായി പുറത്തുവന്നിട്ടുള്ളത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടിയാണ് ദിലീപ് പള്‍സര്‍ സുനിക്കു വാഗ്ദാനം ചെയ്തതെന്നും പിടിക്കപ്പെട്ടാല്‍ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. അതേസമയം, കേസില്‍ നിര്‍ണായകതെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments