ജ്യോതിർമയി ശങ്കരൻ
കീർത്തിമന്ദിർ- മഹാത്മാവിന്റെ ജന്മസ്ഥലവും സ്മാരകവും
200 കിലോമീറ്ററിലധികം സഞ്ചരിച്ച് പോർബന്തറിലെത്തി. മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം. പാഠ്യ പുസ്തകങ്ങളിലൂടെ മനസ്സിൽ കൊത്തിവയ്ക്കപ്പെട്ടയിടം.ഗാന്ധിയും ഗാന്ധിയുടെ ബാല്യകാലത്തെക്കുറിച്ചുള്ള വിവരണങ്ങളും കഥകളും മനസ്സിൽ ഇന്നും നിറഞ്ഞു തന്നെ നിൽക്കുന്നു. അവിടം സന്ദർശിയ്ക്കുകയെന്നത് ഒരു സ്വപ്നം പോലെ മനസ്സിന്റെ മോഹമായിരുന്നു.അതിന്റെ സാക്ഷാത്ക്കാരം ആനന്ദകരം തന്നെ.
ചെറിയൊരു പാർക്കിംഗ് സ്ലോട്ടിൽ ബസ്സ് പാർക് ചെയ്ത് ഏതാനും ഓട്ടോറിക്ഷകളിലായാണ് ഞങ്ങൾ മഹാത്മാവിന്റെ ജനനസ്ഥലവും സ്മാരകവുമായ കീർത്തി മന്ദിർ കാണാൻ പുറപ്പെട്ടത്. വളരെ വീതി കുറഞ്ഞതും ബസ്സിൽ സഞ്ചരിയ്ക്കാൻ പറ്റാത്തതുമാണ് അങ്ങോട്ടുള്ള റോഡ് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. രാഷ്ട്രപിതാവിന്റെ ജന്മസ്ഥലം സന്ദർശിയ്ക്കാനെത്തുന്ന ജനങ്ങളുടെ ബാഹുല്യം കുറച്ചൊന്നുമാകാനിടയില്ല. രാജ്യത്തിന്നകത്തും പുറത്തുമുള്ള ഒട്ടനവധി സന്ദർശകർ വന്നെത്തിടുന്ന സ്ഥലത്തെത്താനുള്ള വഴി വീതി കുറഞ്ഞതും വൃത്തികെട്ടതും ഒരു അങ്ങാടിയുടെ നടുവിൽക്കൂടിയുള്ളതുമായിരുന്നു. ചുവന്ന അങ്ങാടിമുളകു നിറച്ചുവെച്ചിരിയ്ക്കുന്ന ചാക്കുകളിൽ നിന്നും ഉയർന്ന രൂക്ഷമായ എരിവു ഗന്ധം നാസാരന്ധ്രങ്ങളെ നീറ്റുന്ന വിധത്തിലുള്ളതായിരുന്നു. വെളുത്തുള്ളിയും ഉരുളക്കിഴങ്ങും ഉള്ളിയും എല്ലായിടത്തും നിറഞ്ഞു കുമിഞ്ഞു കൂടിക്കിടക്കുന്നു. നിലക്കടലയുടെ വലുപ്പവും മുഴുപ്പും കാണാൻ കൌതുകം തോന്നിച്ചു.. ഇവ കൂടാതെ അങ്ങാടി പലതരം പഴവർഗ്ഗങ്ങളും മസാലകളും കൊണ്ടും സമ്പന്നമാണെന്നു കാണാനായി .ഇവയ്ക്കിടയിലൂടെ അലഞ്ഞു നടക്കുന്ന വലുപ്പമേറിയ പശുക്കൾ. അവയുടെ വലിയ കൊമ്പുകൾ പേടിപ്പെടുത്തിയെങ്കിലും ഉപദ്രവകാരികളല്ലെന്നു മനസ്സിലായി.ഗുജറാത്തിൽ പലയിടത്തും കണ്ട പശുക്കളുടെ ഭംഗി കലണ്ടർ ചിത്രങ്ങളിൽ കണ്ണനൊത്തു കാണുന്ന പശുക്കളെ ഓർമ്മപ്പെടുത്തുന്നവയായിരുന്നു. ഞങ്ങൾ ഇതിനിടയിലൂടെ കുറച്ചു ദൂരം നടന്ന് കീർത്തി മന്ദിരത്തിന്റെ പടിവാതിൽക്കലെത്തിയപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ള പലരും ഓട്ടോവിലിരുന്നു തന്നെ ഇതിനകം അവിടെ എത്തിച്ചേർന്നിരുന്നു.
ഞങ്ങൾ കീർത്തി മന്ദിരത്തിന്റെ കവാടത്തിലൂടെ അകത്തുകടന്ന് നടുമുറ്റത്തിന്റെ വശത്തുകൂടെ നടന്ന് ഗാന്ധിജിയുടെ ജന്മഗേഹത്തിലേയ്ക്കാണാദ്യം പോയത്.മുറ്റത്തു തന്നെ കാണാൻ കഴിഞ്ഞ നീലബോർഡിൽ “ ദ ഹൌസ് വേർ മഹാത്മാ ഗാന്ധിജി വാസ് ബോൺ” എന്നെഴുതിയിരിയ്ക്കുന്നു. “മഹാത്മാ ഗാന്ധിജി’സ് ബെർത്ത് പ്ലേസ് “എന്നെഴുതിയ മറ്റൊരു കവാടത്തിന്നടിയിലൂടെ ആ ഗൃഹത്തിലേയ്ക്കു ഞങ്ങൾ കയറിയപ്പോൾ തന്നെ ഗാന്ധിജിയുടെയും കസ്തൂർബായുടെയും വലിയ ഫോട്ടോകൾ കാണാനായി. ഇവിടം ആരാധനാലയമാക്കരുതെന്ന ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ഫോട്ടോകളിൽ പൂക്കളൊന്നും തന്നെ ചാർത്തിയിട്ടില്ലെന്നു കാണാനായി. പകരം ഖദർ നൂലിനാലുള്ള മാല കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു. ഫോട്ടോവിനു താഴെ സത്യം, അഹിംസ എന്നീ വാക്കുകളെഴുതിയിരിയ്ക്കുന്നു. അകത്തെ മുറികളിലൊന്നിൽ ഗാന്ധിജി പിറന്നു വീണയിടത്ത് സ്വസ്തിക ചിഹ്നം വരച്ചു വച്ചിട്ടുണ്ട്. അതിനു പിറകിലെ ചുമരിൽ ചർക്കയിൽ നൂൽ നൂറ്റുകൊണ്ടിരിയ്ക്കുന്ന മഹാത്മവിന്റെ ചിത്രം. ഇതിലും നൂലുകൊണ്ടുള്ള മാലകൾ കണ്ടു. “മഹാത്മജി’സ് ബർത്ത് പ്ലേസ്“ എന്നു ഇംഗ്ലീഷിലും“ ഇസ് കമരെ മേം പൂജ്യ മഹാത്മാഗാന്ധിജി കാ ജന്മ ഹുവാ ഥാ” എന്നും ഹിന്ദിയിലും എഴുതി വച്ചിരിയ്ക്കുന്നതിനു താഴെയുള്ള സ്വസ്തികയ്ക്കു സമീപം നിന്ന് സന്ദർശകരെല്ലാം ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അച്ഛനായ കരം ചന്ദ് ഉത്തംചന്ദ് ഗാന്ധിയുടെയും അമ്മയായ പുത് ലി ബായിയുടെയും മുഴുരൂപ ചിത്രങ്ങൾ സമീപത്തു തന്നെയുണ്ട്. കറുത്ത അച്കനും വെളുത്ത തലേക്കെട്ടും വെളുത്ത അടിവസ്ത്രവും കൈകളിൽ ഷാളും പിടിച്ച് ഗാംഭീര്യമാർന്നവിധം ഇരിയ്ക്കുന്ന അച്ഛൻ കരംചന്ദ് ഗാന്ധിയും വെളുത്ത കസവുകരയുള്ള സാരിയുടുത്ത് കയ്യിൽ ജപമാലയും പിടിച്ചിരിയ്ക്കുന്ന അമ്മ പുത്ലി ബായിയും മനസ്സിൽ ഇടം പിടിച്ചു.
വളരെ പഴയ ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട ആ വീടും അതിലെ താഴെയും മുകളിലെ നിലകളിലായുമുള്ള മുറികളും മനസ്സിൽ തങ്ങി നിൽക്കാതിരിയ്ക്കില്ല. താഴെയുള്ള തളത്തിലേയും മറ്റുമുറികളിലേയും ചുമരുകളെല്ലാം പഴകി കുമ്മായം അടർന്നു തുടങ്ങിയിരിയ്ക്കുന്നു.വെളുത്തചുമരും പച്ചയും വെള്ളയും നിറത്തിൽ പെയിന്റടിച്ച ജനാലകളും കതകുകളും തട്ടും പഴമയുടെ വക്താക്കളായി മുന്നിൽ നിന്നു.. ചുമരുകളുടെ കോണുകളിലെ പഴയ മാതൃകയിലെ ചിത്രപ്പണികൾ അതേപടി നിലനിർത്തിയിട്ടുണ്ട്. നിലവും പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിയ്ക്കുന്നു . വീടിനു പുറകുവശത്തേയ്ക്കായി ഇടനാഴിയുടെ അറ്റത്തായി അഴികളോടുകൂടിയ വാതിൽ കണ്ടെങ്കിലും അത് പൂട്ടിയിട്ടിരിയ്ക്കുന്നതയി കാണപ്പെട്ടു.
അകലം കൂടിയ പടികളോടു കൂടിയ ഗോവണി കയറൽ അൽപ്പം ശ്രമകരം തന്നെ.ഗോവണി നിർമ്മിച്ചിരിയ്ക്കുന്നവിധവും വ്യത്യസ്തമായിത്തോന്നി. രണ്ടു തലങ്ങളായാണീ മരക്കോവണി നിർമ്മിച്ചിരിയ്ക്കുന്നത്. മരം കൊണ്ടുള്ള കൈവരികളും കാണാൻ കഴിഞ്ഞു.കൂടാതെ മുകളിലേയ്ക്കു കയറുമ്പോൾ പിടിയ്ക്കുന്നതിനായി മുകളിൽ നിന്നും കയർ കെട്ടി ഞാത്തിയിരിയ്ക്കുന്നു. പണ്ടുകാലത്തെ ഗോവണികൾ എല്ലാം ഇപ്രകാരമായിരുന്നെന്ന് പലയിടത്തുനിന്നുമുള്ള അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാനിടയായിട്ടുണ്ട്. ഇവിടെയും പച്ചച്ചായത്തിന്റെ പ്രയോഗം പുതുക്കപ്പെട്ടതിന്റെ ഓർമ്മയായി കാണാനായി. മുകളിലും പച്ചയും വെള്ളയും നിറത്തിൽ പെയിന്റു ചെയ്തതാണു തട്ടുകളും ഗോവണിപ്പടികളും വാതിലുകളും ജനലുകളുമെല്ലാം. വെള്ള പൂശിയ ചുമരുകളിൽ അവിടവിടെ ചെറിയ പഴയ മട്ടിലുള്ള അടപ്പോടുകൂടിയ ചുമരലമാരകൾ. ചുമരിലെ കള്ളറകൾക്കു ചുറ്റും മനോഹരമായ നിറമാർന്ന ചിത്രപ്പണികൾ. മറ്റു പലയിടത്തും വളരെ ലളിതമായ ചുമർച്ചിത്രങ്ങളും കാണാനായി.ചുമർച്ചിത്രങ്ങളിൽ മയിലുകളും വള്ളികളും ഇലകളും പൂക്കളും തത്തകളുമെല്ലാമുണ്ട്. മരപ്പലകകൾ വിരിച്ച തട്ടുകൾ പഴയകാലപ്രതാപങ്ങളുടെ കൈയൊപ്പായി മുന്നിലെത്തി. . പഴയതരം കിളിവാതിലുകളും, ചുമരുകൾക്കിടയിലെ കാറ്റോട്ടത്തിനായുള്ള ദ്വാരങ്ങളുമൊക്കെയുള്ള പഴയതരം ഗൃഹനിർമ്മാണരീതികളുടെ പ്രത്യേകത എടുത്തു കാട്ടുന്നവ തന്നെ.അവയെല്ലാം ഇന്നു നമുക്കു നഷ്ടപ്പെട്ടുകഴിഞ്ഞവയാണല്ലോ. അതുകൊണ്ടു തന്നെയായിരിയ്ക്കണം അവ മനസ്സിനെ ഇത്രമാത്രം ആകർഷിയ്ക്കുന്നതും. അതിമനോഹരമായ നക്ഷത്രചിഹ്നങ്ങൾ ചെറിയ വൃത്തങ്ങൾക്കുള്ളിൽ ഘടിപ്പിച്ചവിധം നിറഞ്ഞ ഓർണ്ണമെന്റൽ ആയ ചുമർ ജനാല ഏറെ നേരം നോക്കി നിന്നു. മുറികൾക്കിടയിലെ ഇടനാഴികളും അവയിൽ നിന്നു പുറത്തേയ്ക്കു നോക്കാനായുള്ള വാതായനങ്ങളും ഏതോ കഥയിലെ ചിത്രം പോലെ മനസ്സിൽ കൌതുകം നിറച്ചു.
കുട്ടിക്കാലത്ത് ഗാന്ധിജി വായനയ്ക്കായി ഉപയോഗിച്ചിരുന്ന മുറിയിൽ “മഹാത്മാ ഗാന്ധിജി‘സ് റീഡിംഗ് റൂം“ എന്ന ഫലകം തൂക്കിയിരിയ്ക്കുന്നു. ഈ മുറി വളരെ ചെറിയതു തന്നെയെങ്കിലും നന്നായി കാറ്റും വെളിച്ചവും കടക്കുന്നതായിരുന്നു എന്നു കാണാനായി. തറയും ചുമരുകളെം എല്ലായിടത്തും പൊട്ടിപ്പൊളിഞ്ഞു തന്നെ കിടക്കുന്നു. പഴമയുടെ രുചിയ്ക്കൊപ്പം അനാഥത്വവും എവിടെയും കാണാനായതിൽ വല്ലാത്ത ദുഃഖം തോന്നി. പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താതിരിയ്ക്കുന്നത് ഈ സൌധം അതേ രീതിയിൽ തന്നെ നിലനിർത്താനായിരിയ്ക്കുമെങ്കിലും അവ വേണ്ടവിധം സംരക്ഷിയ്ക്കപ്പെടുന്നില്ലെന്ന തോന്നൽ സന്ദർശകമനസ്സിൽ ഉയരാതിരിയ്ക്കില്ല, തീർച്ച.
.സൌധത്തിന്റെ രണ്ടു വിങ്ങുകളിലുമുള്ള മുറികളുടെ ജനലുകളും വാതിലുകളും പരസ്പ്പരം അഭിമുഖമായി നിർമ്മിച്ചിരിയ്ക്കുന്നു.ഒരു വിങ്ങിലെ ജനാലയുടെ അടുത്തു നിന്നാൽ മറുവിങ്ങിലെ ആ നിലയുടെ ഒരറ്റം മുതൽ മറ്റെഅറ്റം വരെ കാണാനാവും വിധമുള്ള ജനലകളും വാതിലുകളും കട്ടിയാർന്ന മരക്കഷ്ണങ്ങളാൽ കൊത്തുപണികൾ ചെയ്ത് ഉണ്ടാക്കിയവയാണ്. തട്ടിലെ ഉത്തരങ്ങളിൽപ്പലതും വലിയ തടികൾ തന്നെ. അവയിൽ ഞാന്നു കിടക്കുന്ന വമ്പൻ കൊളുത്തുകൾ പഴയ ഊഞ്ഞാൽക്കട്ടിലുകളെ ഓർമ്മിപ്പിച്ചു. ഈ സൌധം ഒരു കാലത്ത് എത്രമാത്രം ജനങ്ങൾ താമസിച്ചിരുന്ന ഇടമായിരിയ്ക്കുമെന്ന് മനസിൽ ആലോചിയ്ക്കാതിരിയ്ക്കാനായില്ല.പുറകിലായി ഒരു തുറന്ന ചെറിയ ടെരസ്സു കണ്ടു.
. മഹാത്മാഗാന്ധിയുടെ സഹചാരികളായിരുന്ന മഗൻ ലാൽ ഗാന്ധിയുടെയും മഹാദേവ് ദേശായിയുടെയും സ്മാരകങ്ങൾ വലതുവശത്തെ മുറികളിലായി സന്ദർശകർക്കായി ഒരുക്കിയിരിയ്ക്കുന്നു.ഇടതുഭാഗത്തുള്ള മുറികളിൽ ചില്ലിട്ടു പൂട്ടി വച്ചിരിയ്ക്കുന്ന അലമാരികൾക്കുള്ളിലായി പല കരകൌശല വസ്തുക്കളും കണ്ടു..മഹാത്മാവിന്റെ ജീവിതത്തിലെ ഒട്ടനവധി സംഭവങ്ങളുടെ ഫോട്ടോകളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഇതുപോലെ അലമരകൾക്കുള്ളിലായി പൂട്ടിവെച്ചിരിയ്ക്കുന്നു. കസ്തുർബാ ഗാന്ധി മെമ്മൊറിയൽ ലൈബ്രറി പുതിയ ബിൽഡിംഗിന്റെ ഒന്നാം നിലയിലാണ്. താഴത്തെ വിശാലമായ നടുമുറ്റം വെയിലിൽ ചുട്ടുപഴുത്തു കിടക്കുന്നു. കോറീഡോറിലെ ചുമരുകളിൽ മഹാന്മാരായ പലരുടെയും ചിത്രങ്ങൾ വരയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗാന്ധി കുലത്തിന്റെ “ഫാമിലി ട്രീ“ മനോഹരമായവിധം തീർത്ത് ചില്ലിട്ടു വച്ചിരിയ്ക്കുന്നു.അതിലെ കുറച്ചു പേരുകൾ വായിച്ചു നോക്കി.
പ്രവേശന കവാടത്തിനു നേരെ എതിർവശത്തായി ആദ്യം തന്നെ കാണും വിധം ഉള്ള ഉയർന്ന പ്രതലത്തിൽ കണ്ട മഹാത്മാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടേയും ഫുൾ സൈസ് ഓയിൽ പെയിന്റിംഗിനു സമീപത്തായി കണ്ട സർദാർ വല്ലഭായ് പട്ടേലിന്റെ ഫോട്ടോയ്ക്കു കീഴെയുള്ള ബോർഡിൽ പോർബന്ദറിലെ സേത് നാൻ ജിബായ് കാളിദാസ് മേത്തയാണ് ഈ സ്മാരകം നിർമ്മിച്ചതെന്നും ഇത് 1950 മെയ് മാസം 27 നു ഉദ്ഘാടാനം ചെയ്തത് സർദാർ വല്ലഭായ് പട്ടേൽ ആണെന്നും എഴുതി വച്ചിരിയ്ക്കുന്നു. ധാരാളമായി വിദേശികളും രാജ്യ പ്രമുഖരും സന്ദർശിയ്ക്കുന്ന കീർത്തിമന്ദിറിലെ ഗാന്ധിജി ഹട്ട് സോവനീർ ഷോപ്പിൽ ഗാന്ധിജിയെക്കുറിച്ചുള്ള ഒട്ടനവധി പുസ്തകങ്ങളൂം ഫോട്ടോകളും മിനിയേച്ചർ ചർക്കകളും ഗാന്ധിയുടെ ഫോട്ടോസഹിതമുള്ള ടേബിൾ ക്ലോക്കുകളും, പെൻ ഹോൾഡറുകളും, ടീ ഷർട്ടുകളുമെല്ലാം വിൽപ്പനയ്ക്കായി വച്ചിരിയ്ക്കുന്നു.
വിശാലമായ് നടുമുറ്റത്തിനു നാലുഭാഗത്തുമായുള്ള കോറിഡോർ അപൂർവ്വ ചിത്രങ്ങൾ നിറഞ്ഞ ഗാലറിയായി കാണപ്പെട്ടു. നിരവധി ചതുരൻ തൂണുകളുടെ വശങ്ങളിൽ പതിയ്ക്കപ്പെട്ടിരിയ്ക്കുന്ന മാർബിളിനു മുകളിൽ മഹാത്മാവിനെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതി വച്ചിരിയ്ക്കുന്നു. സെന്റിനറി ശതാബ്ദിയോടനുബന്ദിച്ചു പുറത്തിറക്കിയ 20 പൈസയുടെ ബാ-ബാപ്പു ഗാന്ധി സെന്റിനറി പോസ്റ്റൽ സ്റ്റാമ്പിന്റെ വലിയ ഫോട്ടോ പ്രത്യേകം ശ്രദ്ധയാകർഷിച്ചു. തീവണ്ടിയുടെ വാതിൽപ്പടിമേൽ നിൽക്കുന്ന ഗാന്ധിജിയും മനസ്സിൽ ഓർമ്മകളുണർത്തി.
ഇഷ്ടികപാകിയ നടുമുറ്റത്തു കൂടി ചെരുപ്പില്ലാതെ കീർത്തിമന്ദിറിന്റെ പുറം കവാടത്തിലേയ്ക്കു നടക്കുമ്പോൾ കാലടികൾ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. പക്ഷേ മനസ്സും അതേ പോലെ പ്രക്ഷുബ്ധമായിരുന്നതിനാൽ തീരെ അറിഞ്ഞില്ലെന്നു മാത്രം.
Post Your Comments