ബംഗളൂരു: താൻ ദേശീയ അവാർഡുകൾ തിരിച്ചു നൽകുമെന്ന വാർത്തകൾ നടൻ പ്രകാശ് രാജ് നിഷേധിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് അവാർഡുകൾ തിരികെ നൽകുമെന്നാണ് വാർത്തകൾ വന്നിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നടനാണെന്നും നേരത്തെ താരം പറഞ്ഞിരുന്നു. എന്നാൽ ഇത് വിവാദമായതോടെയാണ് മുൻനിലപാട് തിരുത്തി താരം രംഗത്തെത്തിയത്.
ചാനലുകളിൽ താൻ ദേശീയ അവാർഡുകൾ തിരിച്ചു നൽകുന്നുവെന്ന വാർത്ത കണ്ടപ്പോൾ ശരിക്കും ചിരിയാണ് വന്നതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം പറയുന്നു. താൻ അദ്ധ്വാനിച്ചു നേടിയ അവാർഡുകൾ തിരിച്ചു നൽകാൻ മണ്ടനല്ല. ഈ അവാർഡുകളെ തന്റെ കഴിവിന് ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നത്. അതിൽ താൻ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു. പ്രിയ സുഹൃത്തായ ഗൗരി ലങ്കേഷിനെ കൊന്നവർ ആരെന്ന് നമുക്കറിയില്ല. എന്നാൽ ഈ മരണത്തെ സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷിക്കുന്നത് നമ്മൾ കാണുന്നുണ്ട്.
ഏറെ ചർച്ചകൾക്ക് വഴി വച്ചത് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രകാശ് രാജ് നടത്തിയ പരാമർശങ്ങളാണ്. ഗൗരി ലങ്കേഷ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം അഭിനയമാണെന്നും ഇതിൽ പ്രതിഷേധിച്ച് തനിക്ക് കിട്ടിയ അഞ്ച് ദേശീയ അവാർഡുകളും തിരിച്ചു നൽകുമെന്നായിരുന്നു റിപ്പോർട്ട്.
Post Your Comments