വര്‍ക്കല: അയല്‍വാസികളുടെ നിരന്തര അക്രമത്തിനും ഭീഷണിയ്ക്കുമെതിരെ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചശേഷം നാടുവിട്ട ദമ്പതികളെപ്പറ്റി ഇതുവരെ സൂചനയില്ല. ബന്ധുവീടുകളിലും ആരാധനാലയങ്ങളിലും ആശുപത്രികളും കേന്ദ്രീകരിച്ച് മൂന്നുദിവസമായി നടന്നുവന്ന അന്വേഷണം വിഫലമായതിനെ തുടര്‍ന്ന് ഇരുവരുടെയും ഫോട്ടയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയും ബസ് സ്റ്റേഷനുകള്‍, റെയില്‍ വേസ്റ്റേഷനുകള്‍ , പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ലുക്ക് നോട്ടീസ് പ്രസിദ്ധപ്പെടുത്തി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.
അയല്‍വാസിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വര്‍ക്കല ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ക്കല ചിലക്കൂര്‍ സെയ്ദലി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (27, ഗര്‍ഭിണിയായ ഭാര്യ നേഹയെന്ന സ്വാലിഹ (26) എന്നിവര്‍ ബുധനാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷരായത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി പുത്തന്‍ ചന്ത ഭാഗത്ത് ഇറങ്ങിയെന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. അവിടെ നിന്ന് എവിടേക്ക് പോയി എന്നത് സംബന്ധിച്ച യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല.
വര്‍ക്കല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവര്‍ക്കായി മെഡിക്കല്‍ കോളേജ്, എസ്.എ.ടി , ജനറല്‍ ആശുപത്രി, ബീമാപ്പള്ളി, വെട്ടുകാട്, പാളയം പള്ളി തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ഇന്നലെയും തെരച്ചില്‍ നടത്തി. ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയശേഷം അന്വേഷണം കൂടുതല്‍ വ്യാപകമാക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം മകനെയും മരുമകളെയും കാണാതായി മൂന്നുദിവസം പിന്നിടുമ്പോഴും സൂചനകളൊന്നും ലഭിക്കാത്തതിന്റെ നടുക്കത്തില്‍ ആശങ്കയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇവരുടെ കുടുംബങ്ങള്‍.
Post Your Comments