ഒരാള്‍ക്ക് ഡിമെന്‍ഷ്യ വരുമോയെന്ന് അഞ്ചുവര്‍ഷം മുമ്പ് തന്നെ കൃത്യമായി പ്രവചിക്കാവുന്ന പരിശോധനയ്ക്ക് ശാസ്ത്രജ്ഞര്‍ രൂപം നല്‍കി. മണം തിരിച്ചറിയാനുള്ള കഴിവ് പരിശോധിച്ചാണ് രോഗസാധ്യത മുന്‍കൂട്ടി അറിയാനാകുന്നത്. സാധാരണ നമുക്കുചുറ്റുമുള്ള മണങ്ങളില്‍ അഞ്ചില്‍ നാലെണ്ണമെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ രോഗസാധ്യത മറ്റുള്ളവരേക്കാള്‍ ഇരട്ടിയാണെന്ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.
മണം തിരിച്ചറിയാനുള്ള ശേഷി എത്ര കുറയുന്നുവോ അത്രയും രോഗസാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മീന്‍, ഓറഞ്ച്, പെപ്പര്‍മിന്റ്, റോസ്, തോല്‍ എന്നിങ്ങനെ നമുക്കുചുറ്റും സര്‍വസാധാരണമായ വസ്തുക്കളുടെ മണം തിരിച്ചറിയുന്നതിലൂടെ തന്നെ രോഗസാധ്യത മുന്‍കൂട്ടി കാണാനാവുമെന്നതുകൊണ്ട് ഈ പരിശോധന ആര്‍ക്കും നടത്താവുന്നതേയുള്ളൂ. ഇതനുസരിച്ചുള്ള സൂചനകള്‍ രോഗം മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാന്‍ സഹായിക്കും.
മുന്‍കൂട്ടിത്തന്നെ മരുന്നുകള്‍ കഴിച്ചുതുടങ്ങാനും ജീവിതശൈലിയില്‍ മാറ്റം വരുത്താനും സാധിക്കും. ഇത് രോഗത്തിന്റെ പ്രഹരശേഷി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. രോഗം ശരീരത്തില്‍ പിടിപെട്ടാലും 20 വര്‍ഷം വരെ തിരിച്ചറിയപ്പെടാതെ കിടക്കുമെന്നതാണ് ഡിമന്‍ഷ്യയുടെ വലിയ അപകടം.
പലപ്പോഴും രോഗം മൂര്‍ഛിക്കുന്ന ഘട്ടത്തില്‍മാത്രമാകും സൂചനകള്‍ പ്രകടമാവുക.
ഡിമെന്‍ഷ്യയുടെ ആദ്യ സൂചനകള്‍ പ്രകടമാകുന്നത് തലച്ചോറിലെ ഏതുഭാഗത്തെയാണെന്ന ഗവേഷണത്തിലായിരുന്നു ശാസ്ത്രലോകം. മണം തിരിച്ചറിയാനുള്ള കഴിവാണ് ആദ്യം നഷ്ടപ്പെടുകയെന്ന ഗവേഷണഫലം ആ നിലയ്ക്കുള്ള വലിയ കണ്ടെത്തലാണ്. തലച്ചോറിലെ ഓള്‍ഫാക്ടറി ന്യൂറോണ്‍സിനെയാണെന്ന് ഗവേഷകര്‍ പറയുന്നു.
മണം തിരിച്ചറിയാനുള്ള ശേഷിയിലുണ്ടാകുന്ന വ്യത്യാസം അല്‍ഷിമേഴ്‌സ് മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുമെന്ന് നേരത്തേ ഗവേഷകര്‍ മനസ്സിലാക്കിയിരുന്നു. ഹൈപ്പോസ്മിയയെന്നും അനോസ്മിയയെന്നുമാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പീനട്ട് ബട്ടര്‍ ടെസ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. മണം തിരിച്ചറിയാനുള്ള കഴിവ് എത്രത്തോളമുണ്ടെന്നതില്‍നിന്ന് രോഗത്തിന്റെ ശക്തി തിരിച്ചറിയാനാകുമെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments