കാഠ്മണ്ഡു: നേപ്പാളിലെ പുതിയ ജീവിക്കുന്ന ദേവതയായി മൂന്നു വയസുകാരി തൃഷ്ണ ശാക്യയെ തെരഞ്ഞെടുത്തു. കുമാരി എന്നറിയപ്പെടുന്ന ദേവതയെ ഹിന്ദുക്കളും ബുദ്ധമതക്കാരും ആരാധിക്കും. നാലു നൂറ്റാണ്ടിലേറെയായി തുടരുന്ന വിശ്വാസ മനുസസരിച്ച്, രാജ്യത്തെ ജീവിച്ചിരിക്കുന്ന ദൈവമാണ് ‘കുമാരി’. തലേജു ദേവതയുടെ അവതാരമാണ് കുമാരിയെന്നു വിശ്വസിക്കപ്പെടുന്നു. ബിജയ രത്നയുടെയും ശ്രീജന ശാക്യയുടെയും മകളായ തൃഷ്ണ ശാക്യ ദൈവിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് നിരവധി പരിശോധനകള്‍ക്കും പരിഗണനകള്‍ക്കും ശേഷമാണ്.
ശാക്യ വിഭാഗത്തില്‍പ്പെട്ടവരെയാണ് ജീവിച്ചിരിക്കുന്ന ദൈവമാക്കാന്‍ പരിഗണിക്കുന്നത്. മനോഹരമായ കണ്ണുകളും നിരയൊത്ത പല്ലുകളും ദേഹത്തു വടുക്കളില്ലാത്തതുമായ കുഞ്ഞുങ്ങളെയാണ് കുമാരിയാകാൻ പരിഗണിക്കുക. ക്ഷമ വേണം, പേടിയുണ്ടാകരുത്, മാനുകളുടെതിനു സമാനമായ കാലുകള്‍, സിംഹത്തിന്റെത് പോലുള്ള നെഞ്ച് തുടങ്ങിയവയാണ് മറ്റു നിബന്ധനകള്‍ . 2008ൽ അവരോധിതയായ കുമാരി പ്രീതി ശാഖ്യ ഋതുമതിയായി വിരമിച്ചതോടെയാണ് തൃഷ്ണയെ തെരഞ്ഞെടുത്തത്.
വര്‍ഷത്തില്‍ 13 തവണ മാത്രമേ കുമാരിക്ക് പുറത്ത് പ്രത്യക്ഷപ്പെടാന്‍ അവസരമുള്ളു. അഭിഷേക ചടങ്ങുകള്‍ക്കു മുന്നോടിയായി 108 വീതം പോത്തുകളെയും, ആടുകളെയും, കോഴികളെയും, താറാവുകളെയും ബലിനല്‍കണമെന്നതാണ് ആചാരം. എന്നാല്‍ മൃഗസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ഏതാനും മൃഗങ്ങലെ മാത്രമേ ഇക്കുറി ബലിനല്‍കിയുള്ളു.
Post Your Comments