Latest NewsKeralaNews

ലോക ഹൃദയ ദിനത്തില്‍ നാവിക ഉദ്യോഗസ്ഥന്റെ ഹൃദയം മലയാളിയില്‍ തുടിക്കും

തിരുവനന്തപുരം•ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ നേവി കൊച്ചി ഐ.എന്‍.എസ്. ദ്രോണാചാര്യയിലെ സബ് ലെഫ്റ്റന്റായ അതുല്‍ കുമാര്‍ പവാറിന്റെ (24) ഹൃദയം തൃപ്പുണ്ണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടില്‍ (50) തുടിക്കും. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അതുല്‍ കുമാറിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്.

ഹരിയാന, പഞ്ച്കുല, സെക്ടര്‍ 20, ഫ്‌ളാറ്റ് നമ്പര്‍ കെ. 52 ജിഎച്ച്എസ് 92 സ്വദേശി രാജ്ബിര്‍ സിംഗ് പവാറിന്റെ മകനും അവിവാഹിതനുമായ അതുല്‍ കുമാര്‍ പവാര്‍ സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ ശേഷം മടങ്ങി വരവെ 24-ാം തീയതി രാത്രി 11 മണിക്ക് അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയില്‍ വച്ച് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുല്‍ കുമാറിനേയും മറ്റുള്ളവരേയും ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന അതുല്‍ കുമാറിനെ പിറ്റേന്ന് രാവിലെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും 27-ാം തീയതി മസ്തിഷ്‌ക മരണം സ്ഥീരീകരിക്കുകയും ബന്ധുക്കള്‍ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.

സ്വന്തം മകന്റെ അവയവങ്ങള്‍ സൈനിക സേവനം ചെയ്യുന്ന ഏതെങ്കിലും രോഗികള്‍ക്ക് നല്‍കണമെന്നായിരുന്നു അതുല്‍ കുമാറിന്റെ പിതാവിന്റെ ആഗ്രഹം. തുടര്‍ന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ നാഷണല്‍ ഓര്‍ഗണ്‍ & ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി (NOTTO) ബന്ധപ്പെട്ടു. അവര്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെടുകയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. അടിയന്തിരമായി ഇടപെടുകയും കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവുമായി ചര്‍ച്ച ചെയ്ത് അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കി. മൃതസഞ്ജീവനി കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി., വിനോദ് കുമാര്‍ എന്നിവര്‍ കൊച്ചിയിലെത്തി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ശരണ്യ എസ്. അയവ വിന്യാസം നടത്തി.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് ഇപ്പോള്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു ഇവിടത്തേയും മസ്തിഷ്‌ക മരണ സ്ഥിരീകരണം. ആ ഡെപ്യൂട്ടി ഡി.എം.ഒ. ഉള്‍പ്പെടെ 4 ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവ പ്രവര്‍ത്തനക്ഷമെന്ന് കണ്ട് ഡല്‍ഹിയിലെ നാവിക ആശുപത്രിയില്‍ ചികിത്സയിലുള്ളയാള്‍ക്ക് നോട്ടോ (NOTTO) വഴി കരള്‍ നല്‍കാനുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അവര്‍ക്കെത്താനായില്ല. തുടര്‍ന്ന് നോട്ടൊയുടെ നിര്‍ദേശ പ്രകാരം ബാഗ്ലൂരിലെ നാവിക ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നല്‍കാന്‍ തീരുമാനമായി. വ്യാഴാഴ്ച രാവിലെ 8.30ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് ബാഗ്ലൂരിലെ സൈനിക ആശുപത്രിയിലേക്ക് വൃക്ക കൊണ്ട് പോയത്.

ബാക്കി അവയവങ്ങള്‍ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ അനുയോജ്യരായ രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനമായി. കരളും ഒരു വൃക്കയും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കി. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സുബ്രഹ്മണ്യ ഭട്ടിനാണ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ നാലാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വേദിയാകുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയ ശസ്ത്രക്രിയ നടക്കുന്നത്. അനസ്തീഷ്യ വിദഗ്ധന്‍ ഡോ. സഞ്ജയും ശസ്ത്രക്രിയയില്‍ പങ്കാളിയാകുന്നു.

സമയബന്ധിതമായി അവയവങ്ങള്‍ ആശുപത്രിയിലെത്തിക്കാനായി ഗതാഗത നിയന്ത്രണത്തിനായുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് നിര്‍വഹിച്ചു. എറണാകുളം കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേഷ്, കോട്ടയം എസ്.പി. വി.എം. മുഹമ്മദ് റഫീക്ക് എന്നിവര്‍ നേതൃത്വം നല്‍കിയാണ് വേണ്ട സൗകര്യങ്ങളൊരുക്കിയത്. രാവിലെ 10.30 ന് കൊച്ചി ആസ്റ്റര്‍ സിറ്റില്‍ നിന്നും ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. കേവലം 1 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഗതാഗത കുരുക്കുകളെല്ലാം പരിഹരിച്ച് ഹൃദയം കോട്ടയത്തെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button