
പനാജി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനെതിരെ കോടതി മാനഭംഗക്കുറ്റം ചുമത്തി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവയിലെ കോടതി മാനഭംഗക്കുറ്റം ചുമത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341, 342, 354 എ&ബി എന്നീ വകുപ്പുകളും 376ആം വകുപ്പിലെ രണ്ടാമത്തെ ഉപവകുപ്പ് പ്രകാരമുള്ള കുറ്റവുമാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് പബ്‌ളിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ഇനി വിചാരണ നടക്കും. നവംബര്‍ 21ന് വീണ്ടും കേസ് കോടതി പരിഗണിക്കും.
കുറ്റം ചുമത്തുന്നതിന് എതിരെ തേജ്പാല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തേജ്പാലിനെതിരെയുള്ളത്. എല്ലാ കുറ്റങ്ങളിലും തേജ്പാല്‍ വിചാരണ നേരിടേണ്ടിവരും.
2013 നവംബര്‍ ഏഴിന് രാത്രി ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്റ്റില്‍ തന്റെ സഹപ്രവര്‍ത്തകയായ മാദ്ധ്യമപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റിലായ തേജ്പാല്‍ കുറച്ചുകാലം ജയിലിലായിരുന്നു. പിന്നീട് സുഖമില്ലാത്ത തന്റെ അമ്മയെ പരിചരിക്കാന്‍ കോടതി ജാമ്യം നല്‍കുകയായിരുന്നു.
Post Your Comments