യെമനിലെ ഏഡനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത് ആയിരുന്നു. 2016 മാർച്ച് നാല് – തെക്കൻ യെമനിലെ ഏഡനിൽ ബലിയർപ്പണവും പ്രാതലും കഴിഞ്ഞു ചാപ്പലിൽ പ്രാർഥിക്കുമ്പോൾ, പുറത്തെന്താണു ബഹളമെന്നറിയാൻ ഇറങ്ങിവന്ന ടോമച്ചൻ കാണുന്നതു രണ്ടുപേർ വെടിയേറ്റു മരിച്ചു കിടക്കുന്നതാണ്. തൊട്ടുപിന്നാലെ പൂന്തോട്ടക്കാരൻ വെടിയേറ്റു വീഴുന്നതും. തനിക്കുനേരെ തിരിയുന്ന തോക്കുധാരിയോട്, അയാൾ ചോദിക്കാതെതന്നെ അച്ചൻ പറയുകയാണ്: ‘ഞാൻ ഇന്ത്യക്കാരനാണ്.’ അങ്ങനെ പറയാൻ തോന്നിയതിന് അച്ചനു കൃത്യമായൊരു കാരണമില്ല. അച്ചന്റെ വായിൽ ആദ്യം വന്നതു പറഞ്ഞു. ‘മുസ്‌ലിമാണോയെന്ന് അവർ ചോദിച്ചു. അല്ല, ക്രിസ്ത്യാനിയാണെന്നു അച്ഛന്‍ പറഞ്ഞു.’
പിന്നീട് സെക്യൂരിറ്റി ഗാർഡിന്റെ കാവൽപുരയോടു ചേർന്നു കിടന്ന ഒരു കസേരയിൽ ഇരിക്കാനാണ് അച്ചനുള്ള ആജ്ഞ. അനുസരിക്കുന്നു. അകത്തേക്കു പോയ തോക്കുധാരികൾ രണ്ടു കന്യാസ്ത്രീകളെ പുറത്തേക്കു കൊണ്ടുവരുന്നു, അവരുടെ തലയ്ക്കുനേരെ വെടിവയ്ക്കുന്നു. അച്ചന്റെ കൺമുന്നിൽവച്ചാണ്. രണ്ടു കന്യാസ്ത്രീകളെക്കൂടി പുറത്തേക്കു കൊണ്ടുവരുന്നു. അവരെ വെടിവയ്ക്കുന്നത് അച്ചന്റെ കൺമുന്നിൽവച്ചല്ല, പതിനഞ്ചു മീറ്ററെങ്കിലും മാറ്റിനിർത്തിയാണ്. അച്ചന് എതിർക്കാൻ കരുത്തില്ലെന്നല്ല, ഒരു വാക്കുപോലും പുറത്തേക്കു വരാത്ത അവസ്ഥയാണ്. ‘‘അവർ മറ്റെല്ലാ ജോലികളും തീർത്തുകഴിഞ്ഞിട്ട് എന്നെ വിളിച്ചു. ഞാൻ വിചാരിച്ചു, മറ്റുള്ളവരെ ചെയ്തതുപോലെ എന്നെയും ചെയ്യുമെന്ന്. അവരെന്റെ കൈയോ കാലോ കെട്ടിയിരുന്നില്ല.’’ തോക്കുധാരികൾ അച്ചനോടു കസേരയിൽനിന്ന് എഴുന്നേൽക്കാൻ പറയുന്നു. ഇനി തന്റെ ഊഴമാണെന്ന് അതിനുമുൻപേ അച്ചൻ കരുതിയിട്ടുണ്ട്. കസേരയിലിരുന്നുകൊണ്ടുതന്നെ അച്ചൻ ഒരു തവണ ചൊല്ലി: ‘‘ഈശോ! മറിയം! യൗസേപ്പേ! എന്റെ ആത്മാവിനു കൂട്ടായിരിക്കണമേ!’’ – മരണത്തിനൊരുങ്ങുകയാണ്. അപ്പോഴും അച്ചനെ അലട്ടുന്നതു ഭയമല്ല, മുന്നിൽക്കണ്ട ചോരക്കാഴ്ചകളാണ്.
മാസങ്ങളായി തനിക്കൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളും പൂന്തോട്ടക്കാരനും സെക്യൂരിറ്റിക്കാരനും സഹായിയായ പയ്യനുമാണ് അൽപം മുൻപു കൊലചെയ്യപ്പെട്ടത്. ആകെ ഏഴുപേരാണു മരിച്ചതെന്നുമാണ് അച്ചൻ കരുതിയത്. ഒൻപതുപേർകൂടി കൊല്ലപ്പെട്ടിരുന്നു. അവർ അച്ചനെ കൊല്ലുന്നില്ല. കാറിന്റെ ഡിക്കിയിലേക്കു തള്ളുകയാണു ചെയ്യുന്നത്. ആ ഇരുട്ടിൽ അച്ചൻ ചുരുണ്ടുകൂടി കിടക്കുന്നു. അവർ ഡിക്കിയിലേക്ക് എന്തോ വലിച്ചെറിഞ്ഞത് അച്ചനറിയുന്നു. അതു ചാപ്പലിൽ തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയാണെന്നും അതിൽനിന്നു തിരുവോസ്തികൾ പുറത്തേക്കു വീണെന്നുമാണ് അച്ചൻ കരുതിയത്.
എന്നാൽ, ‘‘അതു സക്രാരിയല്ലെന്നു കഴിഞ്ഞ ദിവസം സിസ്റ്റർ സാലിയോടു സംസാരിച്ചപ്പോൾ മനസ്സിലായി. സക്രാരി അതേപടി ചാപ്പലിലുണ്ടെന്നു സിസ്റ്റർ പറഞ്ഞു. അൾത്താരയിലെ രണ്ടു വിരികൾ അവർ എടുത്തു. അതിൽ പണമോ മറ്റോ ചുരുട്ടിയെടുത്ത് അതു ഡിക്കിയിലേക്ക് എറിഞ്ഞതാവാമെന്നാണ് എനിക്കു തോന്നുന്നത്. ഒച്ചകേട്ടപ്പോൾ ഞാൻ കരുതി അതു സക്രാരിയാണെന്ന്. എന്നാലും, യേശു എന്റെകൂടെയുണ്ടായിരുന്നു എന്നെനിക്കുറപ്പുണ്ട്.’’ ഭീകരൻ പറഞ്ഞു: വെൽകം! തോക്കു ധരിച്ച മൂന്നുപേരെയാണ് അച്ചൻ അവിടെ കണ്ടത്. ‘‘കൂടുതൽപേരുണ്ടായിരുന്നിരിക്കണം. എന്തായാലും, അവരെന്നെ വണ്ടിയിൽ കയറ്റി കുറെ ദൂരം ഓടിച്ചു. എത്ര നേരമെന്നോ എത്ര ദൂരമെന്നോ ഒന്നും എനിക്കു പറയാനറിയില്ല. കുറെ ദൂരം ഓടിച്ചെന്നോർക്കുന്നുണ്ട്. ഏതോ ഒരു സ്ഥലത്തു ചെന്നപ്പോൾ മറ്റൊരു കൂട്ടർക്കു കൈമാറി. അവരെന്റെ കണ്ണു മൂടിക്കെട്ടി. അവർക്കൊപ്പം വണ്ടിയുടെ പിൻസീറ്റിലിരുന്നായി യാത്ര. നീണ്ടുനിവർന്നു കിടക്കാൻതക്ക വലുപ്പമുള്ള സീറ്റ്.’’
രണ്ടാമത്തെ കൂട്ടർ അച്ചനെ കൊണ്ടുചെല്ലുന്നത് ഒരു വീട്ടിലേക്കാണെന്ന് പരിസര ശബ്ദങ്ങളിൽനിന്നു മനസ്സിലായി. വീട്ടുകാരിലൊരാൾ അച്ചനോടു പൂർണ ഇംഗ്ലിഷ് വാചകങ്ങളിലാണു സംസാരിച്ചത്: ‘‘വെൽകം! യു ആർ ഇൻ സേഫ് ഹാൻഡ്സ്.’’ (സ്വാഗതം! താങ്കൾ സുരക്ഷിത കരങ്ങളിലാണ്.) ‘‘അതു കേട്ടപ്പോൾ തനിക്ക് ആശ്വാസമായെന്നും അവർ എനിക്കു ഭക്ഷണം തന്നുവെന്നും അച്ചന്‍ പറഞ്ഞു. ടോയ്‌ലറ്റിൽ പോകാൻ സൗകര്യമുണ്ടാക്കി. അവിടെ എത്ര ദിവസം കഴിഞ്ഞുവെന്നു കൃത്യമായി ഓർക്കുന്നില്ല. 12 – 13 ദിവസമുണ്ടായിരിക്കും.’’
ആദ്യത്തെ സ്ഥലത്തു 12 – 13 ദിവസമെങ്കിൽ, രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥലങ്ങളിൽ മൂന്ന് – നാല് മാസം വീതമെങ്കിലുമാണു താമസിച്ചതെന്ന് ഓർക്കാൻ കാരണം അവർ ഇടയ്ക്കു വിഡിയോ എടുത്തപ്പോൾ കണ്ട തീയതികളാണ്. നാലാമത്തെയിടത്താണ് ഒരു വർഷത്തോളം നീണ്ട താമസം. ആ വീട്ടിൽവച്ച്, ആദ്യദിവസംതന്നെ തന്നെക്കുറിച്ച് അവർ പരമാവധി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആ ചോദ്യങ്ങളിൽനിന്ന് തനിക്ക് ചില കാര്യങ്ങൾ മനസ്സിലായി. തന്നെ കൊല്ലാൻ ഇവർക്ക് ഉദ്ദേശ്യമില്ല. പണമാണു വേണ്ടത്. അച്ചന് അറിയാവുന്ന ഫോൺ നമ്പരുകളാണ് അവർക്ക് ആദ്യം അറിയേണ്ടത്: ‘‘പണ്ടേ എനിക്ക് ഓർമ കുറവാണ്. പിന്നെങ്ങനാ ഫോൺ നമ്പരുകളൊക്കെ ഓർമിക്കുന്നേ? ആകെ മനഃപാഠമായിരുന്നത് അമ്മയുടെ നമ്പരാണ്. അമ്മ മരിച്ചപ്പോൾ ആ നമ്പർ ക്യാൻസൽ ചെയ്തു. പിന്നെ, ആ നമ്പർ അവരോടു പറഞ്ഞിട്ടു കാര്യവുമില്ല.’’
ആരുണ്ട് ഇടപെടാൻ? പണമാണ് ഉദ്ദേശ്യമെന്നു ബോധ്യപ്പെടുത്തുന്നതു രണ്ടാമത്തെ ചോദ്യമാണ്. അച്ചനെ മോചിപ്പിക്കാൻ ഇടപെടാവുന്ന പ്രധാന വ്യക്തികൾ ആരൊക്കെയാണ്? ഇന്ത്യയിലെ സർക്കാർ ഇടപെടുമോ? മാർപാപ്പ ഇടപെടുമോ? അബുദാബിയിൽ നിങ്ങൾക്കു ബിഷപ്പുണ്ടല്ലോ, അദ്ദേഹം ഇടപെടുമോ? ‘‘ഇങ്ങനെയൊക്കെ അവരെന്നോടു ചോദിച്ചു. ബിഷപ്പിന്റെ കീഴിലാണല്ലോ ഞാൻ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണല്ലോ അവിടേക്കു പോയത്. അപ്പോൾ പിന്നെ, ആരെങ്കിലും ഇടപെടുന്നെങ്കിൽ അതു ബിഷപ്പായിരിക്കും എന്നു ഞാൻ പറഞ്ഞു.’’
18 മാസത്തിൽ നാലിടത്താണ് അച്ചനെ അവർ താമസിപ്പിച്ചത്. എവിടെയൊക്കെ, എത്ര നാൾ എന്ന് അച്ചന് അറിയില്ല. അറിയാവുന്നതു രണ്ടിടങ്ങൾ കാര്യമായി ജനവാസമുള്ള സ്ഥലങ്ങളായിരുന്നുവെന്നാണ്. പാട്ടും കുട്ടികളുടെ വർത്തമാനങ്ങളും വാഹനങ്ങളുടെ ബഹളവും കേട്ടത് ഓർക്കുന്നുണ്ട്. രണ്ടു സ്ഥലങ്ങൾ മലയുടെ അടുത്തായിരുന്നുവെന്ന് അച്ചൻ ഊഹിക്കുന്നത് തണുത്ത കാറ്റുള്ള, ചൂടില്ലാത്ത സ്ഥലങ്ങളായതുകൊണ്ടാണ്. ഊഹിക്കാനേ നിവൃത്തിയുള്ളു. ജനാലയുള്ള മുറിയിലാണു താമസിക്കുന്നതെങ്കിലും, തനിച്ചായിരിക്കുമ്പോഴും പുറത്തേക്കു നോക്കരുതെന്നു അച്ചന് നിര്‍ദേശം ഉണ്ടായിരുന്നു.
കടപ്പാട് : മലയാള മനോരമ
Post Your Comments