ഉമര്‍ (റ) ഒരു ദിവസം പ്രവാചകന്റെ അടുത്തെത്തി. എല്ലാവരും പോയപ്പോള്‍ അദ്ദേഹം റസൂലിനോട് ഇങ്ങനെയന്വേഷിച്ചു:
‘എന്റെ ഒരു പരിചയക്കാരന്‍ വിവാഹിതനാകാന്‍ പോവുകയാണ്. വധു പേരുദോഷം വരുത്തിയ ഒരുവളാണെന്നതാണ് സത്യം. ചാരവൃത്തിയും അപഥസഞ്ചാരവും അവളുടെ പതിവ്ശീലമായിരുന്നു. ഇന്നിപ്പോള്‍ അവള്‍ ആ വഴിയില്‍നിന്നെല്ലാം പിന്മാറി പശ്ചാത്തപിച്ചു കഴിയുകയാണെന്നും ഞാനറിയും. എന്നാല്‍ അവളുടെ പൂര്‍വ്വ കഥകളൊന്നും എന്റെ കൂട്ടുകാരന്‍ അറിയുകയില്ല. ഞാനത് അദ്ദേഹത്തെ ധരിപ്പിക്കാന്‍ പോവുകയാണ്. ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ അതല്ലേ എന്റെ ധര്‍മ്മം?’
ഉടനെ പ്രവാചകന്‍(സ) പറഞ്ഞു:’അരുത്, ഒരിക്കലുമരുത്. മനുഷ്യന്‍ തെറ്റു ചെയ്യുന്നു. അത് ബോധ്യം വരുമ്പോള്‍ പശ്ചാത്തപിച്ച് പിന്മാറുന്നു. അതോടെ പാപം തീരുന്നു. ഈ വിഷയത്തില്‍ അത് മാത്രവുമല്ല കാര്യം. തന്റെ സുഹൃത്ത് അവളുടെ പൂര്‍വകഥയൊന്നുമറിയുന്നില്ല. ദൈവം മറച്ചുവെച്ചത് വെളിപ്പെടുത്താനാണോ താനുദ്ദേശിക്കുന്നത് ? അതിനാല്‍ പതിവ്രതയായ ഒരു കന്യക എപ്രകാരം വിവാഹം ചെയ്യപ്പെടുന്നുവോ അതുപോലെതന്നെ അവളുടെ വിവാഹവും നടക്കണം.’വ്യക്തിയുടെ രഹസ്യങ്ങള്‍ക്ക് സത്യവിശ്വാസം കല്പിക്കുന്ന പാവനതയാണിത് കീര്‍ത്തിക്കുന്നത്. വിശ്വാസികളായ നമ്മെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍!
Post Your Comments