ദുബായ്•തന്റെ ജീവിതത്തിന്റെ പകുതിയിലേറെ യു.എ.ഇ മണ്ണില്‍ ചെലവഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് 58 കാരനായ മലയാളിയെത്തേടി ഭാഗ്യമെത്തിയത്.
കാലപ്പറമ്പത്ത് മൊഹമ്മദ് അലി മുസ്തഫ എന്നയാളാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ വിജയിയായത്. ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.54 കോടി ഇന്ത്യന്‍ രൂപ) ആണ് മുസ്തഫയ്ക്ക് ജാക്ക്പോട്ടായി ലഭിച്ചത്. ഈ വര്‍ഷം മില്യണ്‍ ഡോളര്‍ ജാക്ക്പോട്ട് ലഭിക്കുന്ന 12 ാമത്തെ ഇന്ത്യക്കാരനുമാണ് മുസ്തഫ.
യു.എ.എയില്‍ ജോലി നോക്കിയിരുന്ന, മൂന്ന് കുട്ടികളുടെ പിതാവായ മുസ്തഫ അടുത്തിടെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. 37 വര്‍ഷമായി യു.എ.ഇയിലുള്ള മുസ്തഫ കഴിഞ്ഞ 17 വര്‍ഷമയി ഒരു യു.എ.ഇ കമ്പനിയില്‍ സെയില്‍സ് റെപ്രസെന്റെറ്റീവ് ആയിരുന്നു.
യു.എ.ഇ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജുമൈറ ബീച്ച് ഹോട്ടലില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. മൂന്നാം തവണയാണ് മുസ്തഫ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ ടിക്കറ്റ് വാങ്ങുന്നത്. ആദ്യത്തെ രണ്ട് തവണയും സമ്മാനമൊന്നും ലഭിച്ചിരുന്നില്ല.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3 ലെ കോണ്‍കോഴ്സ് ബിയില്‍ നടന്ന നറുക്കെടുപ്പിലാണ് മുസ്തഫ വിജയിയായത്.
പുതിയ സൗഭാഗ്യത്തിന് നന്ദിയുണ്ടെന്നും സമ്മാനത്തുക കുടുംബവുമായി, പ്രത്യേകിച്ചും അബുദാബിയില്‍ താമസിക്കുന്ന രണ്ട് പുത്രന്മാരുമായി പങ്കുവയ്ക്കുമെന്ന് മുസ്തഫ പറഞ്ഞു.
സമ്മാനത്തുക കൈപ്പറ്റാന്‍ മുസ്തഫ വീണ്ടും ദുബായിലേക്ക് വരുമെന്ന് സംഘാടകര്‍ അറിയിച്ചു. അതേസമയം, കൂടുതല്‍ പ്രതികരിക്കാന്‍ മുസ്തഫ തയ്യാറായില്ല.
Post Your Comments