മുംബൈ: സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞ ഏഴ് മാസം മുമ്പ് സംഭവിച്ചത്. മന:സാക്ഷിയില്ലാത്ത നരാധമന്‍മാരാല്‍ കൂട്ടബലാത്സംഗത്തിനും നിരന്തര പീഡനത്തിനും വിധേയയായി തുടര്‍ന്ന് ആസിഡ് കഴിച്ച യുവതിയാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. ആസിഡ് കഴിച്ച ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി ഏഴുമാസംനീണ്ട നരകയാതനയ്ക്കുശേഷമാണ് മരിച്ചത്. മുംബൈയ്ക്കടുത്ത് ബൊയ്‌സറിലെ നവവധുവാണ് ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്.
ഉത്തര്‍പ്രദേശില്‍നിന്നുള്ള ഇരുപത്തിരണ്ടുകാരിയും ഭര്‍ത്താവും കല്യാണം കഴിഞ്ഞയുടനെയാണ് ബൊയ്‌സറിലേക്ക് താമസം മാറ്റിയത്. പ്രേമവിവാഹത്തെ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തതുകാരണമാണ് നവദമ്ബതികള്‍ക്കു നാടുവിടേണ്ടിവന്നത്. ഭര്‍ത്താവിന് പട്ടണത്തിലെ കാറ്ററിങ് സര്‍വീസ് കേന്ദ്രത്തിലായിരുന്നു ജോലി. പശുവളര്‍ത്തലും പാല്‍വില്‍പ്പനയുമായി യുവതിയും വരുമാനം കണ്ടെത്തി.
ഭര്‍ത്താവ് ജോലിയാവശ്യത്തിന് പോയ സമയത്ത് അയല്‍വാസികളായ മൂന്നുപേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് വാഹനത്തില്‍ കയറ്റിയശേഷം കാട്ടില്‍ക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നു പറഞ്ഞ അക്രമികള്‍ വിവരം പുറത്തുപറഞ്ഞാല്‍ അവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പിന്നെയും ഉപദ്രവിച്ചു.
സഹികെട്ട യുവതി ഫെബ്രുവരി ആറിന് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. അന്നനാളത്തിന് സാരമായി പൊള്ളലേറ്റു. ബൊയ്‌സറിലെയും ഗുജറാത്തിലെയും വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ശരീരം ശോഷിച്ച് മനസ്സിന്റെ താളംതെറ്റിയ യുവതി ഏതാനും മാസങ്ങളായി ബൊയ്‌സറിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു.
യുവതിയുടെ ആത്മഹത്യക്കുറിപ്പില്‍ സന്ദീപ് യാദവ്, ശിവം വിശ്വകര്‍മ, മുലായം യാദവ് എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് എഴുതിയിരുന്നു. ഇവര്‍ക്കെതിരേ ബലാത്സംഗത്തിനു കേസെടുത്തു. സന്ദീപും ശിവവും അറസ്റ്റിലായി. മുലായം യാദവ് ഒളിവിലാണ്. യുവതി മരിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യ പ്രേരണക്കുറ്റംകൂടി ചുമത്തുമെന്ന് ബൊയ്‌സര്‍ പോലീസ് അറിയിച്ചു.
Post Your Comments