
ഹൈദ്രാബാദ്: അനധികൃത സ്വത്ത് സമ്പാദനം, വിരമിയ്ക്കാന്‍ രണ്ട് ദിവസമുള്ളപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നഗരസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗൊള്ളി വെങ്കട്ട രഘുറാമി റെഡ്ഡിയെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റ് ചെയ്തത്.
500 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുവകകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഴിമതി വിരുദ്ധ വിഭാഗമാണ് രഘുറാമിയെ അറസ്റ്റ് ചെയ്തത്. ജോലിയില്‍ നിന്നും വിരമിക്കാന്‍ മൂന്നു ദിവസം ശേഷിക്കെയാണ് ഇയാള്‍ക്കെതിരെയുള്ള നടപടി.
നഗരകാര്യ വകുപ്പിലെ സ്റ്റേറ്റ് ടൗണ്‍ പ്ലാനിങ് ഡയറക്ടറായ രഘുറാമിയുടെ വീട്ടിലും അദ്ദേഹത്തിന് വസ്തുവകകളുള്ള 15 സ്ഥലങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കണക്കില്‍പ്പെടാത്ത 500 കോടിയുടെ സ്വത്ത് കണ്ടെത്തിയത്. തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ രഘുറാമിയെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ റെഡ്ഡിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ സംഘം കണ്ടെത്തി. ഇതിനു പുറമേ നാല് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍, അഞ്ച് ലക്ഷം രൂപയുടെ 25 കിലോഗ്രാം വെള്ളിയും ലക്ഷക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. നൂറു കണക്കിന് ഏക്കര്‍ ഭൂമിയും റെഡ്ഡിയുടേയും കുടുംബത്തിന്റേയും പേരിലുള്ളതായും കണ്ടെത്തി.
ഇതുവരെ കണ്ടെടുത്ത സ്വത്തുവകകള്‍ അഞ്ഞൂറ് കോടിയോളം വരുമെന്നാണ് അഴിമതി വിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥരുടെ പ്രതികരണം. പതിനഞ്ച് സംഘമായി തിരിഞ്ഞാണ് റെയ്ഡ് നടക്കുന്നത്.
ബുധനാഴ്ചയാണ് റെഡ്ഡി വിരമിക്കേണ്ടിയിരുന്നത്. ഇതിനോടനുബന്ധിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വിദേശത്തെ ഒരു ആഡംബര റിസോര്‍ട്ടില്‍ പാര്‍ട്ടിയും ഇവര്‍ക്ക് വേണ്ടി വിമാന യാത്രാ ടിക്കറ്റ് പോലും ബുക്ക് ചെയ്തിരുന്നു.
Post Your Comments