ചണ്ഡീഗഢ്: സ്കൂളില്‍ വെച്ച് തന്നെ പീഡിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്. സ്കൂളിലെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നും അശ്ലീല ചിത്രം കാണാന്‍ നിര്‍ബന്ധിച്ചുവെന്നും കത്തില്‍ പറയുന്നു. ഇവര്‍ക്കെതിരെ സ്കൂള്‍ പ്രിന്‍സിപ്പലിനും ഡയറക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നും പ്രധാന മന്ത്രിക്കയച്ച കത്തില്‍ പെണ്‍കുട്ടി പറഞ്ഞു. ഇനിയും തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി ഭീഷണി മുഴക്കി.
പേരും വിലാസവും രേഖപ്പെടുത്താതെയാണ് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് തന്റെ സങ്കടം വിവരിച്ച് കത്തെഴുതിയത്. എന്നാല്‍ ഹരിയാന സോനപാട്ടിലുള്ള ഒഎം പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് താനെന്നും സ്കൂളിലെ ക്ലര്‍ക്കായ കരംബീര്‍, അക്കൗണ്ടന്റ് ശുക്ബീര്‍ എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിരുന്നു. പൊലീസിനും പ്രാദേശിക മാധ്യമങ്ങള്‍ക്കും പെണ്‍കുട്ടി കത്തിന്റെ പകര്‍പ്പുകള്‍ അയച്ചിരുന്നു.
കത്ത് ലഭിച്ചയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടലുണ്ടായി. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹരിയാന പൊലീസിന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സ്കൂളില്‍ പൊലീസ് അന്വേഷണം നടത്തി.
സ്കൂളില്‍ നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ മറുപടി. ഇക്കാര്യത്തെക്കുറിച്ച് ഒന്നുമറിയിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന സ്കൂള്‍ ജീവനക്കാര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Post Your Comments