വിജയവാഡ: സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷം കഴിഞ്ഞ് ബൈക്കില്‍ പാഞ്ഞ യുവാക്കള്‍ വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. 170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സ്പോര്‍ട്സ് ബൈക്ക് അപകടത്തില്‍ പെട്ടത്.
മൊഗള്‍രാജപുരത്ത് പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഹൃത്വിക് ചൗധരി(19), യശ്വന്ത്(21) എന്നിവരാണ് മരിച്ചത്. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വിജയവാഡയില്‍ ബിബിഎ, ബി.ടെക് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹരിയാന സ്വദേശിയായ യശ്വന്തും ആന്ധ്ര സ്വദേശിയായ ഹൃത്വികും.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനായി ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും താമസസ്ഥലത്ത് നിന്നും പുറപ്പെട്ടത്.ആഘോഷങ്ങള്‍ക്കു ശേഷം ഞായറാഴ്ച പുലര്‍ച്ചയോടെ ഇരുവരും മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.
കെടിഎം ഡ്യൂക്ക് 390 സിസി ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. 170 കി.മീ സ്പീഡില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നും അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.യശ്വന്തിന്റെ കണ്ണുകള്‍ ദാനം ചെയ്തതായി മാതാപിതാക്കള്‍ വ്യക്തമാക്കി.
Post Your Comments