അജ്‌മാൻ: ശരീരത്തിലെ വലത് ഭാഗത്തിന് തളർച്ചയുമായി എത്തിയ ബംഗ്ലാദേശ് സ്വദേശിയുടെ തലയിൽ നിന്ന് ടെന്നീസ് ബോളിന്റെ വലുപ്പമുള്ള മുഴ നീക്കം ചെയ്തു.
സയ്ദ് ഖൊർഷാദ് അലാം എന്ന 52 കാരന്റെ തലയിൽ നിന്നാണ് മുഴ എടുത്ത് കളഞ്ഞത്. അജ്മാനിലെ തുംബൈ ആശുപത്രിയിൽ ന്യൂറോ സർജൻ ഈശ്വർ പ്രേം സാഗറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
തലചോറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടി രോഗിയെ ബോധം കെടുത്താതെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഇത്രയും സങ്കീർണമായ ശസ്ത്രക്രിയക്കിടയിലും പാട്ടുപാടിയും, സംസാരിച്ചും അലാം ഡോക്ടർമാരോട് സഹകരിച്ചു.
ശസ്ത്രക്രിയക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ അലാം നടക്കുകയും സംസാരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ശസ്ത്രക്രിയ രോഗിയുടെ ശരീരപ്രവർത്തനങ്ങളെ കൂടുതൽ നിരീക്ഷിക്കാനും അപകട നില ഒഴിവാക്കാനും സാധിക്കുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ഈശ്വർ പ്രേം സാഗർ പറഞ്ഞു.
Post Your Comments