ഗുവാഹത്തി: സഞ്ജുക്ത പരാഷര്‍ എന്ന വനിത ഐപിഎസ് ഓഫീസര്‍ ആസാമില്‍ അറിയപ്പെടുന്നത് ഉരുക്കുവനിത എന്നാണ്. അവരെ അങ്ങനെ വിളിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാന്‍ അവരുടെ സര്‍വീസ് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മതിയാകും. കഴിഞ്ഞ 15 മാസത്തിനുള്ളിൽ സഞ്ജുക്ത പരാഷര്‍ വധിച്ചത് 16 തീവ്രവാദികളെയാണ്. 64 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തീവ്രവാദികൾക്കെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അപൂർവം പേരിൽ ഒരാളാണ് സഞ്ജുക്ത. അസമിൽ നിയമിതയാകുന്ന ആദ്യത്തെ വനിത ഐപിഎസ് ഓഫീസർ കൂടിയാണ് അവർ. അസം സ്വദേശിനിയായ അവർ ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് ജെഎൻയുവിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. കുട്ടിക്കാലം മുതൽക്കേ സ്പോർട്സിൽ ഏറെ താൽപ്പര്യം ഉണ്ടായിരുന്നു. അസമിൽ വളർന്നു വരുന്ന തീവ്രവാദത്തിലും അഴിമതിയിലും മനംനൊന്ത് സംസ്ഥാനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായാണ് അവർ കാക്കി അണിയുന്നത്.
2008 ൽ മകൂമിലായിരുന്നു ആദ്യ നിയമനം. അസിസ്റ്റന്റ് കമാൻഡന്റായിട്ടായിരുന്നു പോസ്റ്റിങ്. അധികം വൈകും മുൻപേ ബോഡോകളും അനധികൃത ബംഗ്ലാദേശികളും തമ്മിൽ പോരാട്ടം രൂക്ഷമായ ഉദൽഗുരിയിലേക്ക് സ്ഥലം മാറ്റി. വർഗീയ ലഹളയുടെ നടുവിലേക്കായിരുന്നു സഞ്ജുക്ത ചുവടുവച്ചത്. ആദ്യ വെല്ലുവിളി തന്നെ വിജയകരമായി പൂർത്തിയാക്കിയതോടെ അവർ വാർത്തകളിൽ നിറഞ്ഞു. നാലു വയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ് ഈ പെണ്‍പുലി.
Post Your Comments