KeralaLatest NewsNews

ദക്ഷിണേന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളെ പിന്തള്ളി കേരളത്തിലെ വിമാനത്താവളത്തിന് ഒന്നാംറാങ്ക്……!

 

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങളില്‍ കേരളത്തിലെ വിമാനത്താവളത്തിന് ഒന്നാം റാങ്ക്. മികവുറ്റ രീതിയില്‍ പരിപാലിക്കുന്നതിനും, യാത്രക്കാര്‍ക്കുള്ള സേവനമികവിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാംറാങ്ക്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, വിമാനക്കമ്പനികളുമായുള്ള ബന്ധം എന്നിവയടക്കം 34 ഘടകങ്ങളിലെ മികവ് പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) തിരുവനന്തപുരത്തിന് ഒന്നാംറാങ്ക് നല്‍കിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിമാനത്താവളത്തെ ഒന്നാമതെത്തിച്ചത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്കിടയില്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ സര്‍വേ നടത്തി. ഹൗസ് കീപ്പിംഗ്, ആതിഥ്യമര്യാദ, വിമാനത്താവളത്തിനുള്ളിലെ സേവനങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, വൈഫൈ, വി.ഐ.പി ലോഞ്ചുകള്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, റീട്ടെയില്‍ ഔട്ട്‌ലെ?റ്റുകള്‍, വെന്‍ഡിംഗ് മെഷീനുകള്‍, ട്രാഫിക് സംവിധാനം, പാര്‍ക്കിംഗ്, വിമാനത്താവളത്തിലേക്ക് എത്താനുള്ള ബോര്‍ഡുകള്‍, വിമാനത്താവളത്തില്‍നിന്ന് യാത്രക്കാര്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള ലോഫ്‌ളോര്‍ ബസ് സംവിധാനം, ലാന്‍ഡ് സ്‌കേപ്പിംഗ്, സപ്പോര്‍ട്ട് സര്‍വീസ്, പരാതിപരിഹാര സംവിധാനം എന്നിവയെല്ലാം പരിശോധിച്ചാണ് തിരുവനന്തപുരത്തിന് ഒന്നാംസ്ഥാനം നല്‍കിയത്. 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി യാത്രക്കാര്‍ക്ക് നല്‍കിയായിരുന്നു സര്‍വേ.

ഐ.ടി ഹബ്ബായ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളെയെല്ലാം പിന്നിലാക്കിയാണ് തിരുവനന്തപുരം ഒന്നാംറാങ്കടിച്ചത്. 2014ല്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ഒന്നാംറാങ്ക് ലഭിച്ചശേഷം വിമാനത്താവളത്തിന്റെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞിരുന്നു. തിരുവനന്തപുരത്തെ വൃത്തിഹീനമായ ടോയ്‌ലെറ്റിന്റെ ചിത്രങ്ങള്‍ വിമാനത്താവള അതോറിട്ടി മറ്റ് വിമാനത്താവള ഡയറക്ടര്‍മാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്താവളത്തിലെ ജോയിന്റ് ജനറല്‍ മാനേജരായിരുന്ന ആറന്മുള കിടങ്ങന്നൂര്‍ സ്വദേശി ജോര്‍ജ് ജി. തരകനെ ഡയറക്ടറാക്കിയതോടെ തിരുവനന്തപുരം വീണ്ടും ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തി. ശുചിത്വത്തിനും ഉപഭോക്തൃസേവനത്തിനും മുന്‍ഗണന നല്‍കണമെന്നായിരുന്നു തരകന്റെ ആദ്യനിര്‍ദ്ദേശം.

വിമാനത്താവളത്തിലെ സേവനങ്ങള്‍ എല്ലാദിവസവും പരിശോധിക്കാന്‍ ‘ഡെയ്‌ലി ഡെഡിക്കേറ്റഡ് ഗ്രൂപ്പ് ‘എന്നപേരില്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സമിതിയുണ്ടാക്കി. രണ്ടാഴ്ചയിലൊരിക്കല്‍ ടോയ്‌ലെറ്റുകളിലടക്കം പരിശോധനയ്ക്കായി ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പുമേധാവികളടങ്ങിയ ഉന്നതതല സമിതിയുണ്ടാക്കി. കൃത്യമായി പരിശോധന നടത്തി പിഴവുകളെല്ലാം അപ്പപ്പോള്‍ പരിഹരിച്ചു. യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ എല്ലാ ജീവനക്കാര്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കി. ഇക്കാര്യം ഉറപ്പാക്കാന്‍ മുതിര്‍ന്ന ജീവനക്കാരെ ചുമതലപ്പെടുത്തി. ആഭ്യന്തര വിമാനത്താവളത്തിലെ ടോയ്‌ലെറ്റുകള്‍ നവീകരിക്കാനും കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കാനും പുറംകരാര്‍ നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button