KeralaLatest NewsNews

അസഭ്യം പറഞ്ഞ കേസില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

തൊടുപുഴ: സ്റ്റേഷന്‍ വളപ്പില്‍ വച്ച്‌ സിഐയെ അസഭ്യം പറഞ്ഞെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തെങ്കിലും ഐജി ഇടപെട്ടതിനെ തുടര്‍ന്നു അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്റ്റേഷന്‍ വളപ്പില്‍ വച്ച്‌ സിഐയെ അസഭ്യം പറയുകയും കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്.

ഇതിനിടെ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച്‌ ഇന്നു രാവിലെ പത്തിന് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ മാത്യുവിനെ അറസ്റ്റു ചെയ്തതായി എസ്‌ഐ വിഷ്ണുകുമാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പില്‍ തടിച്ചുകൂടി. സംഭവം കൈവിട്ടു പോകുമെന്ന് സ്ഥിതി എത്തിയതോടെ എസ്‌ഐ ഐജിയുമായി ബന്ധപ്പെടുകയും ഐജിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് റദ്ദാക്കുകയും കേസ് ഡിവൈഎസ്പിക്ക് കൈമാറുകയും ചെയ്തു. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച്‌ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ കെപിസിസി നിര്‍വാഹക സമിതിയംഗം സി.പി. മാത്യുവിനെതിരെയാണ് സിഐ എന്‍.ജി.ശ്രീമോന്‍റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ വി.സി. വിഷ്ണുകുമാര്‍ കേസെടുത്തത്.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ കെ എസ് യു നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് തൊടുപുഴയില്‍ നടത്തിയ ഹര്‍ത്താലില്‍ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് മാത്യുവിനും ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഒപ്പിടുന്നതിനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button