Latest NewsTravel

ഗിർ നാഷണൽ പാർക്കിലൂടെയൊരു യാത്ര- അദ്ധ്യായം: 15

ജ്യോതിർമയി ശങ്കരൻ

ഗിർ വനങ്ങൾ ഏഷ്യൻ സിംഹങ്ങൾക്ക് പേരു കേട്ടവയാണല്ലോ. ഗിർ മരങ്ങൾ നിറയെ ഉള്ളതിനാലാണ് ഈ വനത്തിനു ഇങ്ങനെ പേരുകിട്ടിയതെന്ന് കേട്ടിട്ടുണ്ട്. ജുനാഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ജുനഗഡ് നാഷണൽ പാർക്ക് സോമനാഥിൽ നിന്നും ഏകദേശം 50 കിലോമീറ്റർ ദൂരെയാണ്. 1965ൽ ആണിത് നിലവിൽ വന്നത്. 1412 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ അഞ്ഞൂറിലധികം സിംഹങ്ങൾ ഇപ്പോഴുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. വംശനാ‍ശം നേരിട്ടപ്പോൾ വേണ്ടവിധം സംരക്ഷിക്കപ്പെട്ടതിനാൽ ഇവയുടെ എണ്ണം വർഷം തോറും കൂടിക്കൊണ്ടിരിക്കുന്നതാ‍യി കണക്കെടുപ്പുകൾ നടത്തവെ കാണാനാകുന്നു. ഇത്രയധികം ഏഷ്യൻ സിംഹങ്ങളെക്കാണാനാവുന്ന ഒരേയൊരിടമാണിത്.

നല്ല വെയിലാണെങ്കിലും ഒട്ടേറെക്കാലം മുൻപു തന്നെ കേട്ടിട്ടുള്ള ഈ സ്ഥലം കാണാനുളള മോഹം മനസ്സിലുണ്ടായിരുന്നതിനാൽ ചൂടിനെക്കുറിച്ചോർത്തതേയില്ല. തലയിലെ തൊപ്പിയിൽ നിന്നും ഒഴുകിയ വിയർപ്പ് കഴുത്തിനെ ചുംബിക്കാൻ തുടങ്ങിയപ്പോഴേ അതോർത്തുള്ളൂ. പ്രൈവറ്റ് വാഹനങ്ങൾ അകത്തു കടത്താനാവില്ല .ഞങ്ങളുടെ ബസ്സുകൾ പുറത്താണു നിർത്തിയത്. ടിക്കറ്റെടുത്ത് കാത്തു നിന്ന ശേഷം അനൌൺസ്മെന്റ് കേട്ടപ്പോൾ നിരയായി നിർത്തിയിരിയ്ക്കുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ്റിന്റെ സവാരി ബസ്സുകളിൽ കയറിയിരുന്നു. ഒക്ടോബർ മദ്ധ്യം മുതൽ ജൂൺ മദ്ധ്യം വരേയേ സന്ദർശകർക്ക് ഇവിടെ ഈ ബസ്സുകളിൽക്കയറി സവാരി നടത്താനാ‍കൂ. മഴ വന്നാ‍ൽ‌പ്പിന്നെ സിംഹങ്ങളെ കാണാനാവില്ല.

ചുറ്റുപാടുകളെ നന്നായി കണ്ടാസ്വദിക്കാനാകുംവിധം മിതമായ വേഗത്തിലാണ് ബസ്സ് പൊയ്കൊണ്ടിരുന്നത് . വീതി കുറഞ്ഞ വഴി. ചുറ്റും നോക്കിയാൽ ഉണങ്ങിയ പുല്ലും മരങ്ങളും മാത്രം. ഒരു തരി തീയെങ്ങാനും വീണാൽ കഴിഞ്ഞു കഥ. പ്രത്യേകമാ‍യുണ്ടാക്കിയ പാ‍ത വളഞ്ഞും തിരിഞ്ഞും കാടിന്റെ ഉൾഭാഗങ്ങളിലൂടെ കടന്നു പോകുന്നു. പല ഭാഗങ്ങളായി ഇതിനെ തിരിച്ചിരിയ്ക്കുന്നു. തേക്ക്, മുള, ആല്‍, നെല്ലി എന്നിവയും പേരരിയാത്ത ഒട്ടേറെ മരങ്ങളും കണ്ടു. ഇവയിൽ ഗിർ മരങ്ങളും ഉണ്ടാകുമല്ലോ എന്നോർക്കാതിരുന്നില്ല. പല തരത്തിലുള്ള കുറ്റിച്ചെടികളും കണ്ടെങ്കിലും കടുത്ത വേനലിന്റെ ശക്തിയാൽ പച്ചപ്പ് കുറഞ്ഞതായിരിയ്ക്കുമോ ?. മനസ്സിൽ വനങ്ങളെന്നും ഇരുണ്ടു ഹരിതാഭമാർന്ന വിധത്തിലാണല്ലോ പ്രതിഷ്ഠിയ്ക്കപ്പെടുന്നത് എന്നോർത്തു.. വേനലിന്റെ ആധിക്യത്താൽ വരണ്ട ഭൂമിയും ഇലപൊഴിച്ചു നിൽക്കുന്ന മരങ്ങളുടെ ആധിക്യവുമാണ് കാടിന്റെ ഗാംഭീര്യം കുറഞ്ഞതായിത്തോന്നാൻ കാരണമെന്നും മനസ്സിലാക്കാനായി. ശരത്കാലത്ത് ഇലപൊഴിയുന്നതിനാൽ ഗിർ വനത്തെ ഡെസിഡുവസ് ഫോറസ്റ്റ് എന്നാണല്ലോ വിളിയ്ക്കാറുള്ളതെന്നും ഓർമ്മ വന്നു. ഇവ വീണ്ടു തളിരിട്ട് പച്ചയണിഞ്ഞു നിൽക്കുന്ന സമയത്തെ കാഴ്ച്ച തികച്ചും വ്യത്യസ്തമാകാതിരിയ്ക്കില്ല.

അവിടവിടെ പുള്ളിമാനുകൾ മരച്ചുവടുകളിലെ ഉണങ്ങിയ ഇലകൾക്കിടയിൽ ഒറ്റയ്ക്കും കൂട്ടമായും നിന്ന് നിർന്നിമേഷരായി കടന്നുപോകുന്ന വാഹനങ്ങളെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. അവ തെല്ലും ഭയം കാണിച്ചിരുന്നില്ലയെന്നത് സംരക്ഷിത മേഖലയിലായതിനാലാവാ‍മെന്നോർത്തു. പലയിടത്തും സിംഹങ്ങളേയും കണ്ടു. സിംഹങ്ങളെക്കൂടാതെ കലമാനും പുള്ളിമാനും ചീങ്കണ്ണിയും കുരങ്ങന്മാരും,കരടി, കുറുക്കൻ, കീരി,പുള്ളിപ്പുലി, എന്നിങ്ങനെ പല മൃഗങ്ങളേയും കാണാനായി. കാട്ടിന്നുള്ളിലേയ്ക്കുള്ള വഴിത്താ‍രയുടെ വക്കത്താ‍യി കാണപ്പെട്ട കുറച്ചു വളർത്തു സിംഹങ്ങൾ ഞങ്ങളെ അലസമായൊന്നു നോക്കി “ഒന്നു ശല്യപ്പെടുത്താതെ കടന്നുപോകുന്നുണ്ടോ” എന്നു ചോദിയ്ക്കുന്നതുപോലെ തോന്നി. അൽ‌പ്പം കെട്ടിനിൽക്കുന്ന ജലവും ചളിയും തണലും ഉള്ള വഴിവക്കിൽ അവർക്കായി താൽക്കാലിക വാസസ്ഥലം ഒരുക്കിയിരിയ്ക്കുന്നത് സന്ദർശകർക്കുവേണ്ടി മാത്രമാണെന്നു മനസ്സിലാക്കാം. വാഹനം നിർത്തി അവയെ അൽ‌പ്പം നോക്കിക്കാണാനും ഫോട്ടോയെടുക്കാനും സൌകര്യമൊരുക്കിയിരിയ്ക്കുന്നു. എല്ലാവരും ആ അവസരം വേണ്ടുംവണ്ണം പ്രയോജനപ്പെടുത്തുന്നതു കാണാനായി.

കാഴ്ച്ചസ്സവാരി കഴിഞ്ഞ് ബസ്സിൽനിന്നുമിറങ്ങി ഗാർഡനിൽ ചുറ്റിക്കറങ്ങുമ്പോൾ കമ്പിവേലിയ്ക്കപ്പുറം ഉയർത്തിക്കെട്ടിയ സിമന്റു തറയുടെ മുകളിൽക്കണ്ട സിംഹകുടുംബത്തോടൊപ്പം ഒന്നു പോസ് ചെയ്തു. അടുത്തുകണ്ട കൊച്ചു കാന്റീനിൽ പലവക കരകൌശലവസ്തുക്കളും വിൽ‌പ്പനയ്ക്കായി തൂക്കിയിട്ടിരിയ്ക്കുന്നു.കൊച്ചു മൺകപ്പുകളിൽക്കിട്ടിയ ചൂടുചായ മൊത്തിക്കുടിച്ച് അൽ‌പ്പം വറുത്ത നിലക്കടലയും കൊറിച്ച് വീണ്ടും ഞങ്ങളുടെ ബസ്സിലേയ്ക്കു നടന്നു.

ഡിന്നറിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ഒരൽ‌പ്പം നൈരാ‍ശ്യം ബാക്കി. ഗിർ നാഷണൽ പാർക്ക് ദേശീയോദ്യാനം എന്തുകൊണ്ടോ വിചാരിച്ചതുപോലെ മനസ്സിൽ നിറഞ്ഞു നിന്നില്ല?

shortlink

Related Articles

Post Your Comments

Related Articles


Back to top button