KeralaLatest NewsNews

ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനം ഈ ദിവസങ്ങളിൽ

കൊച്ചി: 23, 24 തീയതികളില്‍ എറണാകുളം ബോള്‍ഗാട്ടിപാലസില്‍ വച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും ഇടതുപാര്‍ടികളുടെയും സമ്മേളനം നടക്കും. ദക്ഷിണേഷ്യയിലെ എട്ട് കമ്യൂണിസ്റ്റ്, ഇടതുപാര്‍ടികളുടെ പ്രതിനിധികളെ കൂട്ടാതെ സിപിഐ എം, സിപിഐ പ്രതിനിധികളും പങ്കെടുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിപാടിയിൽ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ശ്രീലങ്ക, ജനത വിമുക്തി പെരമുന, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), “കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബംഗ്ളാദേശ്, വര്‍ക്കേഴ്സ് പാര്‍ടി, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് പാകിസ്ഥാന്‍, അവാമി വര്‍ക്കേഴ്സ് പാര്‍ടി പാകിസ്ഥാന്‍ എന്നീ പാര്‍ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനം കേരളത്തില്‍ ആദ്യമായാണ് നടക്കുന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 23ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും.

സമ്മേളനത്തിൽ സാമ്രാജ്യത്വം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ ചര്‍ച്ചചെയ്യും. മാത്രമല്ല ഓരോ രാജ്യങ്ങളുടെയും ദേശീയ പരമാധികാരത്തെ ഇത് എങ്ങനെ ബാധിക്കുന്നു, ഈ രാജ്യങ്ങളില്‍ വിഘടനവാദവും വര്‍ഗീയതയും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യും. ഈ രാജ്യങ്ങളിലെ പൊതുവായ പ്രശ്നങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആക്രമണങ്ങളും ചര്‍ച്ചയാകും. സിപിഐ എം ഈ സമ്മേളനം ഒക്ടോബര്‍ വിപ്ളവത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംഘടിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മറൈന്‍ഡ്രൈവില്‍ 24ന് വൈകിട്ട് അഞ്ചിന് ചുവപ്പുസേനാ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിക്കും.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ബിമന്‍ ബസു, മുഹമ്മദ് സലീം, എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജോഗീന്ദര്‍ ശര്‍മ, ഗൌതം ദാസ്, പി കെ ശ്രീമതി, അരുണ്‍കുമാര്‍ എന്നിവര്‍ പ്രതിനിധികളാണ്. പാകിസ്ഥാന്‍ പ്രതിനിധികള്‍ക്ക് വിസ നല്‍കാന്‍ ആ രാജ്യം ഇതുവരെ തയ്യാറായിട്ടില്ല. വിസ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button