തിരുവനന്തപുരം ജില്ല കലക്ടര്‍ ഡോ.വാസുകിയുടെ പിതാവ് കെ. കുപ്പു രാമസുബ്രഹ്മണ്യന്‍ അന്തരിച്ചത് ശനിയാഴ്ച്ചയാണ്. തന്റെ എല്ലാ ഉയര്‍ച്ചയിലും ഒപ്പം നിന്ന പിതാവിന് വേണ്ടി അന്ത്യകര്‍മ്മം
സ്വയം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു അവര്‍. ആചാരപ്രകാരം പെണ്മക്കള് അന്ത്യകര്‍മങ്ങള്‍ ചെയ്യാറില്ലെങ്കിലും പ്രിയപ്പെട്ട അച്ഛനു വേണ്ടി മുതിര്‍ന്നവരുടെ അനുവാദപ്രകാരം വാസുകിയും സഹോദരി കലൈവാണിയും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ഈറന്‍ ചേല ചുറ്റി നിറച്ച മണ്‍കുടവുമേന്തി ചിതയില്‍ വെച്ച മൃതദേഹത്തിന് വലം വെച്ചു ചിതയ്ക്ക് തീകൊളുത്തിയത് വാസുകിയായിരുന്നു.
തമിഴ്നാട്ടില്‍ നിന്ന് രണ്ടുദിവസം മുന്‍പ് ഭാര്യ സരളയോടൊപ്പം മകളെ കാണാനെത്തിയ സുബ്രഹ്മണ്യന് ശനിയാഴ്ച വൈകിട്ടാണ് നിര്യാതനായത് ആകസ്മികമായ നിര്യാണത്തില്‍ ഉലഞ്ഞുപോയെങ്കിലും അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വാസുകി താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ആണ്മക്കളില്ലെങ്കില് പേരക്കുട്ടികളോ മരുമക്കളോ അനന്തരവന്മാരോ ആണ് സാധാരണ കര്‍മങ്ങള്‍ ചെയ്യാറുള്ളത്.
തങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതായിരിക്കും അച്ഛന് ആഗ്രഹിക്കുന്നതെന്നു പറഞ്ഞാണു വാസുകിയും കലൈവാണിയും കര്‍മങ്ങള്‍ ഏറ്റെടുത്തത്. വീട്ടിലും ശാന്തികവാടത്തിലും നടന്ന തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇരുവരും ചേര്‍ന്നാണു നിര്‍വഹിച്ചത്. വാസുകിയുടെ ഭര്‍ത്താവും കൊല്ലം കലക്ടറുമായ എസ്.കാര്ത്തികേയന്, കലൈവാണിയുടെ ഭര്‍ത്താവ് ബാബു എന്നിവര്‍ ചടങ്ങുകള്‍ക്ക് ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു.യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട . മാനേജറാണ് കുപ്പുസ്വാമി.
Post Your Comments