കാസര്‍കോട്: ട്രെയിനുകളിൽ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ പതിക്കുന്നത് റെയില്‍വേ നിര്‍ത്തി. ഇനി ചെന്നൈ, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ ഏഴ് പ്രധാന സ്റ്റേഷനുകളില്‍നിന്ന് പുറപ്പെടുന്ന വണ്ടികളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കില്ല. മൊബൈല്‍ ഫോണില്‍ റിസര്‍വ്ഡ് ബുക്കിങ്ങിന്റെ വിശദാംശങ്ങള്‍ സന്ദേശമായി വരുന്നതിനാല്‍ കടലാസിന്റെ ആവശ്യമില്ല എന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍.
മൂന്നുമാസത്തേക്ക് അഞ്ച് സോണുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നിര്‍ദേശമെന്ന് റെയില്‍വേ പറയുന്നു. എന്നാല്‍, കടലാസ് സംവിധാനം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമാണിത്. ഇപ്പോള്‍ ദക്ഷിണ റെയില്‍വേയില്‍ മംഗളൂരു ഉള്‍പ്പെടെ വണ്ടി പുറപ്പെടുന്ന സ്റ്റേഷനുകളില്‍ ചാര്‍ട്ട് ഒട്ടിക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് കാരണം. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ പരീക്ഷിച്ച് വിജയിച്ച ഈ രീതി മുഴുവന്‍ സോണുകളിലേക്കും ഇനി എത്തിക്കും.
സാധാരണ റിസര്‍വേഷന്‍ ചാര്‍ട്ട് വണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പാണ് തയ്യാറാക്കുക. അതാണ് തീവണ്ടിയില്‍ ഒട്ടിക്കുക. എന്നാല്‍, നിലവില്‍ അരമണിക്കൂര്‍മുമ്പ് കറന്റ് റിസര്‍വേഷന്‍ ചാര്‍ട്ട് എടുക്കുന്നുണ്ട്. കൂടാതെ വിവിധ സ്റ്റേഷനുകളില്‍ പൂള്‍ ക്വാട്ടാ ഉള്‍പ്പെടെ ക്വാട്ടകളുമുണ്ട്. ഫലത്തില്‍ മംഗളൂരുവില്‍നിന്ന് തിരുവനന്തപുരംവരെ പോകുന്ന വണ്ടികളില്‍ ഒട്ടിക്കുന്ന ചാര്‍ട്ടില്‍നിന്ന് യഥാര്‍ഥ ചാര്‍ട്ടിന് ഏറെ വ്യാത്യാസമുണ്ടാകും. ഇത് യാത്രക്കാരന് ഗുണംചെയ്യുന്നില്ല.
എന്നാല്‍, പ്രായമായവര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ക്കും ചാര്‍ട്ട് ഒട്ടിക്കാത്തത് തിരിച്ചടിയാകുമെന്നാണ് യാത്രക്കാരുടെപക്ഷം. ബാറ്ററിയില്ലാതെ മൊബൈല്‍ ഫോണ്‍ ഓഫായിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ കോച്ചുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരില്ലേ എന്നും അവര്‍ ചോദിക്കുന്നു.
Post Your Comments