തറക്കല്ലിട്ട് 56 വര്‍ഷത്തിന് ശേഷം നിര്‍മാണം പൂര്‍ത്തിയായ സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി മോദിയുടെ ജന്മദിനമായ ഇന്നാണ് രാജ്യത്തിന് സമർപ്പിക്കുന്നത്.56 വര്‍ഷത്തിനിടെ നിരവധി നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവറിന്‍റെ പണി പൂര്‍ത്തിയാവുന്നത്. ഗുജറാത്തിലെ നര്‍മദാ നദിയില്‍ നൗഗാമിന് സമീപമാണ് 138 മീറ്റര്‍ ഉയരമുള്ള ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.എന്നാല്‍ നര്‍മദാ നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ മേധാ പട്കറുടെ നേതൃത്വത്തിലുള്ള നര്‍മദാ ബച്ചാവോ ആന്ദോളന്‍ ഇടപെട്ട് സുപ്രീം കോടതിയില്‍ സ്റ്റേ വാങ്ങിയതോടെ 1996ല്‍ അണക്കെട്ടിന്‍റെ നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ടിവരികയായിരുന്നു
നർമദാ നദിയില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ ഡാം പരിസ്ഥിതി നശിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ലോക ബാങ്ക് പദ്ധതിയ്ക്ക് ഫണ്ട് നിഷേധിച്ചിരുന്നു.അണക്കെട്ടിന് നേരത്തെ 121.92 മീറ്ററായിരുന്നു ഉയരം. 40. 73 ക്യുബിക് മീറ്ററാണ് അണക്കെട്ടിന്‍റെ സംഭരണ ശേഷി. 1.2 കിലോമീറ്റര്‍ നീളമുള്ള അണക്കെട്ടിന് 30 ഷട്ടറുകളാണുള്ളത്. 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദിക്കാന്‍ ശേഷിയുള്ള രണ്ട് വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്‍റെ ഭാഗമായുള്ളത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും സര്‍ദാര്‍ സരോവറിന്‍റെ ഗുണഭോക്താക്കള്‍. വൈദ്യുതി, വെള്ളവും ഈ സംസ്ഥാനങ്ങളാണ് പങ്കിട്ടെടുക്കുക. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 57 ശതമാനം മഹാരാഷ്ട്രയ്ക്കും യഥാക്രമം 27%, 16% മധ്യപ്രദേശിനും ഗുജറാത്തിനുമാണ് ലഭിക്കുക. ഗുജറാത്തിലെ പകുതിയോളം വരുന്ന ഗ്രാമങ്ങളിലേയ്ക്കും പട്ടണപ്രദേശങ്ങളിലേയ്ക്കും സര്‍ദാര്‍ സരോവറില്‍ നിന്നുള്ള വെള്ളമെത്തും. ഇതിന് പുറമേ രാജസ്ഥാനിലെ ബാര്‍മര്‍, ജലോര്‍ ജില്ലകളിലെ കൃഷിഭൂമിയിലേയ്ക്കും അണക്കെട്ടില്‍ നിന്ന് വെള്ളമെത്തിയ്ക്കും.
Post Your Comments