മലപ്പുറം•ശാപമോക്ഷം കാത്തു നിലമ്പൂർ ബസ്സ്റ്റാൻഡ്. നെൽകൃഷിയിറക്കാൻ അനുയോജ്യമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞു ബസ്സ്റ്റാൻഡ് പൊതുജനങ്ങൾക്ക് കഷ്ടതകൾ മാത്രം നൽകുന്നു. മഴ കനത്തതോടെ വെള്ളകെട്ടു നിറഞ്ഞ സ്റ്റാൻഡ് പരിസരം വളരെ ശോചനീയമാണ് നാട്ടുകാർക്കും, വാഹനങ്ങൾക്കും, കച്ചവടക്കാർക്കും സമ്മാനിക്കുന്നത്.
വികസനം ഫ്ളക്സ് ബോർഡുകളിൽ മാത്രം ഒതുങ്ങിയ ഏക മണ്ഡലമാണ് നിലമ്പൂർ മണ്ഡലം എന്നത് പരസ്യമായ രഹസ്യമാണ്. സ്വന്തം വാട്ടർ തീം പാർക്കും, റിസോർട്ടും, മറ്റു ടൂറിസം പ്രവർത്തനങ്ങളിലും മാത്രം വികസനം ഒതുക്കിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ജനരോഷം ശക്തം. വർഷം തോറും ടാറിങ് നടത്തുന്ന നിലമ്പൂർ ബസ്സ്റ്റാൻഡ് അധികാരികൾക്ക് കീശ വീർപ്പിക്കാൻ മാത്രമുള്ള ഒന്നാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. മാത്രമല്ല നിലമ്പൂർ-ഊട്ടി ഹൈവേയിൽ നിലമ്പൂരിന്റെ ഹൃദയ ഭാഗത്തെ റോഡ് തകർച്ചയും ജനങ്ങൾക്ക് നൽകുന്ന ദുരിതം ചെറുതല്ല.
നിലമ്പൂരുകാരുടെ സ്വപ്ന പദ്ധതിയായ നിലമ്പൂർ ബൈപ്പാസ് ഇന്നും സ്വപ്നമായി തന്നെ നിലകൊള്ളുന്നു. നിലമ്പൂർ, ചന്തക്കുന്നു സിഗ്നൽ സംവിധാനം വർഷങ്ങളായി കണ്ണടച്ചിട്ടു എന്നതും വസ്തുത മാത്രം. പൂട്ടിയ ബീവറേജ്, ബാറുകൾ തുറക്കാൻ അധികാരികൾ കാണിച്ച ഉത്സാഹം ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളിൽ നടത്തിയിരുന്നു എങ്കിൽ ഇന്നൊരു ജനതയ്ക്കു ആശ്വാസമായേനെ എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.
Post Your Comments