Latest NewsNewsIndia

ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങള്‍ : തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര – 1 വിജയകരമായി പരീക്ഷിച്ചു

മംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ‘ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച് എയര്‍-ടു-എയര്‍ (ബിവിറാം) മിസൈല്‍ ‘അസ്ത്ര മാര്‍ക്ക്-1’ വിജയകരമായി പരീക്ഷിച്ചു. ഇലക്‌ട്രോണിക് സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ ലക്ഷ്യം തീരുമാനിക്കുകയും ആക്രമിക്കുന്നതുമായ മിസൈലുകളെയാണ് ‘ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച്’ എന്ന് വിളിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളില്‍ സുഖോയ് -30 എം.കെ.ഐ. പോര്‍വിമാനത്തില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യമായി നിശ്ചയിച്ച മറ്റൊരു പൈലറ്റില്ലാ വിമാനത്തെ തകര്‍ത്തതായി ഡി.ആര്‍.ഡി.ഒ. വൃത്തങ്ങള്‍ പറഞ്ഞു. ആദ്യമായാണ് യുദ്ധസമാനമായ സാഹചര്യങ്ങളില്‍ ‘അസ്ത്ര’ വിജയകരമായി പരീക്ഷിക്കുന്നത്. ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ‘സീക്കറു’ടെ ശേഷിയും കൃത്യതയുമാണ് ഇതിലൂടെ വിജയമായത്. ‘ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച്’ മിസൈലുകളെ കൃത്യമായി നയിക്കുന്ന ഇലക്‌ട്രോണിക് സംവിധാനമാണ് സീക്കര്‍. മിസൈലിന്റെ മുന്നറ്റത്തായാണ് ഇത് സ്ഥാപിക്കുക.

മൂന്നര മീറ്റര്‍ നീളമുള്ള അസ്ത്ര മാര്‍ക്ക്-1ന് 75 കിലോമീറ്റര്‍ അകലെ പറക്കുന്ന മറ്റുവിമാനങ്ങളെ വരെ നശിപ്പിക്കാന്‍ ശേഷിയുണ്ട്. ശബ്ദം സഞ്ചരിയ്ക്കുന്നതിന്റെ നാലിരട്ടി വേഗതയിലാണ് അസ്ത്ര സഞ്ചരിയ്ക്കുന്നത്. സൂപ്പര്‍ സോണിക് പോര്‍വിമാനങ്ങളെക്കാള്‍ കൂടുതലാണിത്. 50 മിസൈലിന് വ്യോമസേന ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിന് ഹൈദരാബാദിലെ പൊതുമേഖലാ മിസൈല്‍ നിര്‍മാണ കമ്പനിയായ ഭാരത് ഡൈനാമിക്സില്‍ പ്രത്യേക ഉത്പാദന സംവിധാനവും സജ്ജമാകുന്നുണ്ട്. പരീക്ഷണ വിജയത്തോടെ വ്യോമസേനയുടെ ഉപയോഗത്തിന് ഇത് വിട്ടുനല്‍കാന്‍ സജ്ജമായി.

സ്വകാര്യമേഖലയിലേതുള്‍പ്പെടെ 50 വ്യവസായ ശാലകളുടെ സഹകരണത്തോടെയാണ് അസ്ത്ര മിസൈല്‍ സംവിധാനം നിര്‍മിക്കുക. നൂറുകിലോമീറ്റര്‍ ശേഷിയുള്ള അസ്ത്ര മാര്‍ക്ക് -2 പണിപ്പുരയിലാണ്. വ്യോമസേനയുടെ ‘തേജസ്സ്’ ഉള്‍പ്പെടെയുള്ള പോര്‍വിമാനങ്ങളിലും ഇത് സ്ഥാപിക്കാനാകും. ഫ്രഞ്ച് നിര്‍മിത ബിവിറാം ‘മിറ്റിയോറി’നോട് കിടപിടിക്കുന്നതായിരിക്കും അസ്ത്രയെന്ന് ഡി.ആര്‍.ഡി.ഒ. വൃത്തങ്ങള്‍ അവകാശപ്പെട്ടു. നിലവില്‍ റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങുന്ന ബിവിറാമുകളാണ് വ്യോമസേന ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button