ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകള്‍ ജനപ്രിയമാകുന്നതിന് അനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമാകുകയാണ്. ഓഫറുകള്‍ കേള്‍ക്കുമ്പോഴേക്കും അതിന് പിന്നാലെ പോകുന്നവരാണ് ഭൂരിഭാഗവും.ലാഭം പ്രതീക്ഷിച്ച് സാധനങ്ങള്‍ വാങ്ങുകയും അബദ്ധം പറ്റുകയും ചെയ്തവര്‍ നിരവധിയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരം വാഗ്ദാനങ്ങളില്‍ വീണു തട്ടിപ്പിനിരയായവരാണ്.
ഒരു ഓൺലൈൻ വ്യാപാര വെബ്സൈറ്റിലൂടെയാണ്
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ഇസ്തിരിപ്പെട്ടി ഓർഡർ ചെയ്തത്. 217 രൂപ ജിഎസ്ടി ഉൾപ്പടെ 1515 രൂപ മുടക്കിയപ്പോൾ കിട്ടിയത് പ്രവർത്തന രഹിതമായ പഴയ ഇസ്തിരിപ്പെട്ടിയാണ് കിടിലൻ പാക്കറ്റിൽ വീട്ടിലെത്തിയത്. തുരുമ്പെടുത്തതും പൊട്ടിയ ഇലക്ട്രിക് വയറുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതുമായ തേപ്പുപെട്ടിക്കൊപ്പം ഒരു വർഷത്തെ ഗ്യാരന്റി കാർഡും ലഭിച്ചതോടെ യുവാവ് അന്തം വിട്ടു. ഏതായാലും ഓൺലൈൻ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് അറിയിച്ചതായി യുവാവ് പറയുന്നു.
11,000 രൂപ വിലയുള്ള ഫോൺ 3250 രൂപയ്ക്ക്- വെഞ്ഞാറമൂട് നിവാസിയായ യുവാവാണ് വാഗ്ദാനത്തിൽ വീണത്. ഫോൺ കോളിലൂടെയായിരുന്നു വാഗ്ദാനം. ‘നിങ്ങളുടെ ഫോൺ നമ്പറിൽനിന്നു കൂടുതൽ ഫോൺ കോൾ ഉള്ളതിനാൽ സമ്മാനമായി കമ്പനി സ്മാർട്ട് ഫോൺ നൽകുന്നു’ – ആദ്യം ഈ വാഗ്ദാനം യുവാവിന് വിശ്വാസ്യയോഗ്യമായി തോന്നിയില്ല. 11,000 രൂപ വിലയുള്ള ഫോൺ 3250 രൂപ അടച്ചാൽ ലഭിക്കുമെന്നുള്ള വാഗ്ദാനം യുവാവ് നിരസിച്ചു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ കോൾ വന്നു. പോസ്റ്റ്മാൻ ഫോൺ കൊണ്ടുവരുമ്പോൾ മാത്രം പണം നൽകിയാൽ മതി. യുവാവ് ഫോൺ കട്ടുചെയ്തെങ്കിലും താമസിയാതെ പാഴ്സൽ എത്തി. പണം കൊടുത്തു പാഴ്സൽ വാങ്ങി തുറന്ന യുവാവ് ഞെട്ടി. ഒരിഞ്ചു മാത്രം വലുപ്പമുള്ള, ഓടുകൊണ്ടു നിർമിച്ച നാലുസ്വർണ നിറത്തിലുള്ള ലോക്കറ്റുകളും ഒരു വിരലിന്റെ വലുപ്പമുള്ള സരസ്വതി വിഗ്രഹവും.വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.
ഇതുപോലെ നിരവധി പേരാണ് ദിവസവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നത്. പലരും നാണക്കേട് കാരണം തനിയ്ക്ക് പറ്റിയ അബദ്ധം മറച്ചു വെയ്ക്കുന്നവരാന്. വളരെ ചുരുക്കം തട്ടിപ്പുകള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. എന്തായാലും ഓഫറുകള്‍ എന്ന് കേള്‍ക്കുമ്പോഴേക്കും ചാടി വീഴുന്നതിന് മുമ്പ് ഒന്നാലോചിയ്ക്കുന്നത് നല്ലതാണ്.
Post Your Comments