മലപ്പുറം: പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവ നേതാവിനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് നീക്കി. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയവഴി പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ അഭിപ്രായം പറഞ്ഞ എംഎസ്എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍.എ.കരീമിനെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടിയുടെ സംഘടനാരീതിക്ക് നിരക്കാത്ത തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതിനാണ് നടപടിയെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.
ജനം തോല്പ്പിക്കുന്നതുവരെ മത്സരിക്കാന്‍ അവസരം ലഭിച്ചവരും ഒരിക്കല്‍ മത്സരിച്ച മണ്ഡലത്തില്‍ പിന്നീടൊരിക്കല്‍ പോലും മത്സരിക്കാന്‍ കഴിയാത്ത വിധം “ജനകീയത’ കൈമുതലാക്കിയവരും വേങ്ങരയില്‍ യുഡിഎഫിനായി രംഗത്തിറങ്ങരുതേയെന്നായിരുന്നു യുവ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യുവജന വിദ്യാര്‍ഥി പ്രതിനിധികളിലൊരാള്‍ എംഎല്‍എമാരില്‍ ഒരാളായി ഉണ്ടാകുന്നത് പാര്‍ട്ടി പുതിയ കാലത്തോടു കാട്ടുന്ന സംവേദനമായിരിക്കുമെന്നും നേതാവ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ യുവ നേതാവ് പോസ്റ്റ് പിന്‍വലിയ്ക്കുകയും ചെയ്തിരുന്നു.
Post Your Comments